കാഴ്ചപ്പാടും ദൌത്യവും

ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ച് വർഷത്തെ അനുഭവപരിചയം ഒരു കരുത്തായി നമ്മോടൊപ്പമുണ്ട്. പ്രാദേശികപദ്ധതി രൂപീകരിക്കാനും, നടപ്പിലാക്കാനുമുള്ള വൈദഗ്ദ്ധ്യം പ്രാദേശിക സർക്കാരുകൾ ആർജ്ജിച്ചു. വിവര വ്യാപനങ്ങളുടെ പിന്തുണയോടെ കുറ്റമറ്റ രീതിയിൽ വികസന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്താൻ കഴിയുന്നു. പാഴ്‍ചെലവ് ഏതുമില്ലാതെ ചെലവഴിച്ച പണത്തേക്കാൾ മൂല്യത്തിന് വികസന പ്രവർത്തനങ്ങൾ ഗ്രാമതലങ്ങളിൽ നടന്നു. സർവ്വതല സുശ്രീയമായ വികസനവും അതുവഴി സാമൂഹ്യപുരോഗതിയും ഉണ്ടായി. പ്രാദേശിക പദ്ധതി ആസൂത്രണത്തിന്റെ ഓരോ ഘട്ടത്തിലും പൂർണ്ണതോതിലുള്ള ജനപങ്കാളിത്തവും പിന്തുണയുംകൊണ്ടാണ് ഇത്രയും നേട്ടം നേടാനായത്. ഇത് പഞ്ചായത്തിനോട് ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിപ്പിച്ചു. അത് ഒരു വൈകാരിക ബന്ധമായി വളർന്ന് പടർന്ന് പന്തലിച്ച് നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ കാലത്തെ ദുരന്ത ഘട്ടങ്ങളിൽ ജനങ്ങൾ പഞ്ചായത്തുകളിൽ അഭയം തേടിയത്.

പഞ്ചായത്തുകളിൽ ജനങ്ങൾക്കുള്ള വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള ബാധ്യതയുണ്ട്. ഇതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ശേഷിയും കാര്യക്ഷമതയും ഇനിയും വർദ്ധിപ്പിക്കണം. പ്രാദേശിക ഭരണകൂടവും ജനങ്ങളും ഒന്നായി തീരുന്ന ഭരണ വ്യവസ്ഥ സഞ്ജാതമാവണം. വിഭവാധിഷ്ഠിതവും സർവ്വശേഷിത്വവും ആയ വികസനം രൂപപ്പെടണം.

പുതിയ കാലത്തിന്റെ വികസന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും വെല്ലുവിളികൾ ഏറ്റെടുക്കാനും നാം പ്രാപ്തമാവേണ്ടതുണ്ട്. ഇതിനായി വിവിധ മേഖലകളിലെ വിദഗ്ദ്ധരുടെയും സന്നദ്ധപ്രവർത്തകരുടെയും, സാങ്കേതികസ്ഥാപനങ്ങളുടെയും സേവനം പദ്ധതി ആസൂത്രണത്തിന്റെയും, നിർവ്വഹണത്തിന്റെയും വിലയിരുത്തലിന്റെയും എല്ലാ ഘട്ടങ്ങളിലും ഉറപ്പു വരുത്തും.

സുസ്ഥിരമായ പ്രാദേശിക സാമ്പത്തിക വളർച്ചയുടെ പ്രഭവകേന്ദ്രമായി നമ്മുടെ ബ്ലോക്ക് പഞ്ചായത്തിനെ വികസിപ്പിക്കുക എന്നതാണ് പതിനാലാം പദ്ധതിയുടെ പൊതു സമീപനം.

വിവിധതട്ടുകളിലെ തദ്ദേശഭരണസ്ഥാപനങ്ങൾ ഉൾപ്പെടുന്ന ബഹുതല ആസൂത്രണം ഉറപ്പാക്കും. ജില്ലാപദ്ധതി നിർദ്ദേശങ്ങൾ ബ്ലോക്കിന്റെ വാർഷിക ദീർഘകാല പദ്ധതികളിൽ പ്രതിഫലിപ്പിക്കും.

ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച 2030 ഓടെ നാം ആർജ്ജിക്കേണ്ട സുസ്ഥിരവികസന ലക്ഷ്യങ്ങൾ ഈ പദ്ധതികാലത്ത് തന്നെ നേടിയെടുക്കാനുള്ള ശ്രമം ഉണ്ടാവും.

 

പൊതുലക്ഷ്യങ്ങൾ

  • സുസ്ഥിരവികസന സാധ്യമാക്കുക

  • സുസ്ഥിര സാമ്പത്തിക വളർച്ച നേടുക

  • സമ്പദ് വ്യവസ്ഥയെ വിജ്ഞാനാധിഷ്ഠിതമായി വികസിപ്പിക്കുക.

  • വ്യക്തികളുടെ സാമൂഹിക നീതിയിലധിഷ്ഠിതമായ വികസനം ഉറപ്പുവരുത്തുക

  • പ്രകൃതി വിഭവങ്ങൾ കരുതലോടെ വിനിയോഗിക്കുക.

  • കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രാദേശിക കർമ്മ പരിപാടരൂപപ്പെടുത്തുക

  • തൊഴിലവസരങ്ങൾ സൃഷ്ടിക്കുക.

  • പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനുള്ള കഴിവുകൾ ആർജ്ജിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുക

  • മുഴുവൻ ജനങ്ങളുടെയും ഉൾച്ചേർന്ന വികസനം ഉറപ്പാക്കുക.

  • പിന്നോക്ക-പാർശ്വവൽക്കൃതവിഭാഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകുക.

  • ആധുനികവും പരിസ്ഥിതിസൗഹൃദവും ആയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുക.

  • മാലിന്യപരിപാലനവും ശുചിത്വ ശീലവൽക്കരണവും ഉറപ്പാക്കുക.

  • ലക്ഷ്യാധിഷ്ഠിതമായും ഫലാധിഷ്ഠിതമായും പദ്ധതികൾ ചിട്ടപ്പെടുത്തുക.

സമഗ്രവികസന ഇടപെടലിലൂടെ ജനങ്ങളുടെ ജീവിത ഗുണമേന്മ വർദ്ധിപ്പിക്കുകയും അതുവഴി സംതൃപ്തവും സന്തോഷകരവുമായ ജീവിതം നയിക്കുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുക.

സവിശേഷ വികസന ലക്ഷ്യങ്ങൾ

  • ചെറുകിട വ്യവസായങ്ങളുടെ വളർച്ച ഉറപ്പാക്കുക.

  • തൊഴിൽ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുക.

  • കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ മേഖലകളിലെ ഉൽപ്പാദനവും, ഉൽപ്പാദനക്ഷമതയും വർദ്ധിപ്പിക്കുക.

  • ഖര, ദ്രവമാലിന്യ പരിപാലനത്തിന് ഗാർഹിക-പൊതുഇട പദ്ധതികൾ ആവിഷ്ക്കരിക്കുക.

  • ഭവന രഹിത, അഗതിരഹിത ബ്ലോക്ക് എന്ന ലക്ഷ്യം നേടുക.

  • നഗരവൽക്കരണ സാധ്യതകൾ പരിഗണിച്ച് അടിസ്ഥാന സൗകര്യവികസനം ഉറപ്പാക്കുക.

  • കല, കായിക സാംസ്കാരിക മേഖലകളിൽ മുന്നേറ്റം ഉണ്ടാക്കുക

  • ദുരന്താഘാത സാധ്യതകൾ പരിഗണിച്ചു കൊണ്ടുള്ള പദ്ധതി തയ്യാറാക്കുക.

  • ഹരിതോർജ്ജപദ്ധതി പ്രോത്സാഹിപ്പിക്കുക.

  • സ്ത്രീപക്ഷ നവകേരളം പടുത്തുയർത്തുക.

പൊതു മുൻഗണനകൾ

  • തൊഴിൽ സൃഷ്ടിക്കൽ

  • ഉൽപ്പാദനം  ,  ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കൽ

  • പ്രകൃതി വിഭവ പരിപാലനം

  • ദുരന്ത നിവാരണ പദ്ധതി

  • ശുചിത്വം, മാലിന്യ സംസ്കരണം

  • ലിംഗസമത്വം, സാമൂഹ്യനീതി

  • സദ്ഭരണം

  • അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ

വികസന തന്ത്രങ്ങൾ

എല്ലാ വികസന മേഖലകളിലും ജനകീയ സമിതികൾ രൂപീകരിച്ചും, തൊഴിലുറപ്പു പദ്ധതി, വകുപ്പുതല പരിപാടികൾ, സന്നദ്ധസേവനം, നബാർഡ്, ത്രിതല പഞ്ചായത്തുകൾ എന്നിവയുമായി സംയോജിപ്പ് പദ്ധതികൾ ഏറ്റെടുക്കും. പരമാവധി സമഗ്രത ഉറപ്പുവരുത്തും. മോണിറ്ററിംഗും തുടർപരിപാലനവും ഉറപ്പാക്കും.

പാനൂർ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത ബ്ലോക്ക് പഞ്ചായത്തായി മാറുകയാണ് ലക്ഷ്യം. അതിനായി തരിശ് രഹിത പുരയിടം, തരിശ് രഹിത വാർഡ്, തരിശ് രഹിത പഞ്ചായത്ത്, തരിശ് രഹിത ബ്ലോക്ക് എന്നീ ക്രമത്തിൽ പരിപാടികൾ ആവിഷ്ക്കരിക്കണം. ആവശ്യമായ ജനകീയ സംഘടനാ സംവിധാനവും മോണിറ്ററിംഗും ഉണ്ടാവണം.

പുരയിടങ്ങളിൽ ഇടവിള കൃഷിക്കും കരനെൽകൃഷിക്കും പയർ വർഗ്ഗങ്ങൾക്കും ഉള്ള സാധ്യതകൾ പരിശോധിക്കണം. തെങ്ങിന്റെ ഉൽപ്പാദനം ഉൽപ്പാദന ക്ഷമതയും വർദ്ധിപ്പിക്കണം. ജലസേചിത കൃഷിയുടെ അളവ് വർദ്ധിപ്പിക്കണം. വിള విస్తീർണ്ണവും അതുവഴി കർഷകന്റെ വരുമാനവും വർദ്ധിക്കണം.

കേരള പഞ്ചായത്ത് രാജ് ആക്ടിലെ 172-ാം വകുപ്പ് അനുസരിച്ച് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കൈമാറിയിട്ടുള്ള സ്ഥാപനങ്ങളുടെ പരിപാലനത്തിനും, ബ്ലോക്ക് പ്രദേശത്തുള്ള ജനങ്ങളുടെ സാമ്പത്തിക വികസനത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള പദ്ധതികൾ തയ്യാറാക്കുന്നതിനും, ആക്ടിലെ IV പട്ടികപ്രകാരം (എ) പൊതുവായ ചുമതലകൾ (ബി) മേഖല അടിസ്ഥാനത്തിലുള്ളവ എന്നിങ്ങനെ വിഭജിച്ചുകൊണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്ക് ചുമതലകൾ നൽകിയിരിക്കുന്നു.

പൊതുവായ ചുമതലകൾ

ബ്ലോക്ക് തലത്തിൽ സർക്കാർ- സർക്കാർ ഇതര സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തുക

ഗ്രാമപഞ്ചായത്തുകൾക്ക് സാങ്കേതികസഹായം നൽകുക

ആവർത്തനം ഒഴിവാക്കുന്നതിനായി, ഗ്രാമപഞ്ചായത്തിന്റെ പദ്ധതികൾ കണക്കിലെടുത്തശേഷം പദ്ധതികൾ തയ്യാറാക്കുകയും ബാക്ക് വേർഡ്, ഫോർവേഡ് ലിങ്കേജ് നൽകുകയും ചെയ്യുക

മേഖല അടിസ്ഥാനത്തിലുള്ള ചുമതലകൾ

കൃഷി

ഗ്രാമീണതലത്തിൽ നടപ്പാക്കുന്ന പദ്ധതികൾക്കായി കൃഷിക്കാരെ പരിശീലിപ്പിക്കുക 

ഗ്രാമീണതലത്തിലുള്ള പദ്ധതികൾക്കാവശ്യമായ കാർഷികനിവേശങ്ങൾ ഏർപ്പെടുത്തുക 

കാർഷിക പ്രദർശനങ്ങൾ നടത്തുക 

ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്തിനുള്ളിൽ വരുന്ന നീർമറികൾ പരിപാലിക്കുക 

കാർഷിക വായ്പ സ്വരൂപിക്കുക 

പട്ടുനൂൽകൃഷി പ്രോത്സാഹിപ്പിക്കുക

മൃഗസംരക്ഷണവും ക്ഷീരോത്പാദനവും

വെറ്റിനറി പോളി ക്ലിനിക്കുകളും മേഖല കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങളും നടത്തുക

      മൃഗസംരക്ഷണത്തിൽ വിദഗ്ദ്ധ സേവനം നടത്തുക

കന്നുകാലി- കോഴി പ്രദർശനങ്ങൾ നടത്തുക

ചെറുകിട ജലസേചനം

ഒന്നിലധികം ഗ്രാമപഞ്ചായത്തുകൾക്കായുള്ള എല്ലാ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികളും ചെറുകിട ജലസേചന പദ്ധതികളും നടപ്പാക്കുകയും പരിപാലിക്കുകയും ചെയ്യുക

മത്സ്യ ബന്ധനം

പരമ്പരാഗത കടവുകളുടെ വികസനം

ചെറുകിട വ്യവസായങ്ങൾ

മിനി ഇൻസ്ട്രിയൽ എസ്റ്റേറ്റുകൾ സ്ഥാപിക്കുക

എസ്. എസ്. ഐയുടെ മൂന്നിൽ ഒന്ന് നിക്ഷേപം പരിധിയോടുകൂടിയുള്ള വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക

വ്യവസായ മേഖലയിൽ സ്വയംതൊഴിൽ പദ്ധതികൾ ആവിഷ്കരിക്കുക

ഭവന നിർമ്മാണം

ചെലവ് കുറഞ്ഞ ഭവന നിർമ്മാണം പ്രചരിപ്പിക്കുക

ഭവന നിർമ്മാണ സഹകരണ സംഘങ്ങൾ പ്രോത്സാഹിപ്പിക്കുക

വൈദ്യുതശക്തിയും ഊർജ്ജവും

പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ വികസിപ്പിക്കുക

വിദ്യാഭ്യാസം

സർക്കാർ വിദ്യാഭ്യാസ പരിശീലന സ്ഥാപനങ്ങളുടെ നടത്തിപ്പ്

പൊതുമരാമത്ത്

ഒന്നിലധികം ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബ്ലോക്ക് പഞ്ചായത്തിനുള്ളിലെ വില്ലേജ് റോഡുകളും ബ്ലോക്ക് പഞ്ചായത്തിൽ നിക്ഷിപ്തമായ മറ്റു റോഡുകളും പരിപാലിക്കുക

സർക്കാരിൽ നിന്നും കൈമാറ്റം ചെയ്യപ്പെട്ട സ്ഥാപനങ്ങൾക്കായി കെട്ടിടങ്ങൾ നിർമ്മിക്കുക

പൊതുജനാരോഗ്യവും ശുചീകരണവും

ബ്ലോക്ക് പഞ്ചായത്തിനുള്ളിൽ ചികിത്സാ സമ്പ്രദായങ്ങളിലുമുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളും താലൂക്ക് ആശുപത്രികളും നടത്തുക

സാമൂഹ്യക്ഷേമം

ഐ. സി. ഡി. എസ് കേന്ദ്രങ്ങൾ നടത്തുക

ദാരിദ്ര്യ നിർമ്മാർജ്ജനം

ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച് തൊഴിൽ സുരക്ഷാ പദ്ധതികൾ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുക

പാവപ്പെട്ടവർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിനുള്ള അഭിരുചി വർദ്ധിപ്പിക്കുകയും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ആളുകൾക്ക് വേതനത്തോടുകൂടിയ തൊഴിൽ നൽകുകയും ചെയ്യുക

പട്ടികജാതി പട്ടികവർഗ്ഗ വികസനം

പ്രീ- മെട്രിക് ഹോസ്റ്റലുകൾ നടത്തുക

പട്ടികജാതി- പട്ടികവർഗ്ഗക്കാർക്കു വേണ്ടിയുള്ള സഹകരണസംഘങ്ങൾ വളർത്തുക

സഹകരണം

ബ്ലോക്ക് പഞ്ചായത്ത് അതിർത്തികൾക്കുള്ളിൽ സഹകരണസംഘങ്ങൾ സംഘടിപ്പിക്കുക

സഹകരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുക