പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം

ഭൂപ്രകൃതി

കണ്ണൂർ ജില്ലയിൽ ഇടനാട് മേഖലയിൽ 4 ഗ്രാമപഞ്ചായത്ത് ഉൾക്കൊള്ളുന്ന 47.09 ച.കിമീ വിസ്തൃതിയുള്ള ഭൂപ്രദേശമാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത്. ഉത്തര അക്ഷാംശം 11° 46 നും ദക്ഷിണ അക്ഷാംശം 11° 40 നും പൂർവ്വ രേഖാംശം 75° 39 നും പശ്ചിമ രേഖാംശം 75° 32 ഇടയ്ക്കാണ് പാനൂർ ബ്ലോക്കിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം. കിഴക്ക് മലനാടിനോട് ചേർന്നു നിൽക്കുന്ന പാട്യം പഞ്ചായത്തും, ഇടനാട്ടിൽ തന്നെയുള്ള പാനൂർ മുൻസിപ്പാലിറ്റിയും പടിഞ്ഞാറ് സമുദ്രതീരത്തോട് ചേർന്ന് നിൽക്കുന്ന ന്യൂമാഹി ഗ്രാമപഞ്ചായത്ത്, മാഹി മൂനിസിപ്പാലിറ്റി എന്നിവയുമാണ്. ഭരണപരമായി നോക്കിയാൽ കിഴക്കും പടിഞ്ഞാറും മൂനിസിപ്പൽ പ്രദേശങ്ങളാണ്.

സമുദ്രനിരപ്പിൽ നിന്നും 25 മീറ്റർ വരെ ഉയരമുള്ള സമതല പ്രദേശങ്ങളാണ് പാനൂർ ബ്ലോക്കിൽ കൂടുതലായുള്ളത്. 230 മീറ്റർ ഉയരം വരെയുള്ള കുന്നുകളും മൊകേരി, കതിരൂർ പഞ്ചായത്തുകളിലായുണ്ട്. കുന്നുകളും ചെരിവുകളും സമതലങ്ങളും താഴ്‌വരങ്ങളും വയലുകളും ഉൾച്ചേർന്ന ഭൂവിഭാഗമാണ് പാനൂർ ബ്ലോക്കിലേത്. ഒയപ്രെകുന്ന്, പുത്തൻകുന്ന്, കോട്ടകുന്ന്, കോട്ടാല കുന്ന്, കുറാറ കുന്ന്, നവോദയകുന്ന് , എടപ്പാകുന്ന്, തമ്പുരാൻ കുന്ന്, മുള്ളൻ കുന്ന്, പെറാം കുന്ന്, കേളോത്ത് കുന്ന്, കലാടൻ കുന്ന്, കാരകുന്ന്, പുല്യോട് കുന്ന്, നാമത്ത് കുന്ന് എന്നിവ പ്രധാന കുന്നുകളാണ്.

മൺതരംങ്ങൾ

ചരൽ കലർന്ന വെട്ടുകൽ മണ്ണാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. പന്ന്യന്നൂർ മൊകേരി പഞ്ചായത്തുകളുടെ പടിഞ്ഞാറ് ഭാഗത്തായി പശിമരാശി മണ്ണും, പുഴികലർന്ന മണ്ണും, ഇടകലർന്നാണ് കാണപ്പെടുന്നത്. വെള്ളം കെട്ടി നിൽക്കുന്ന പ്രദേശങ്ങളും ഇവിടെങ്ങളിലുണ്ട്. ചൊക്ലിയുടെ തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ ചേറ് മണ്ണും, വയൽ മണ്ണും കാണപ്പെടുന്നു. നദീതടങ്ങളിൽ നിന്ന് ഉപ്പ് വെള്ളം കയറുന്ന അവസ്ഥയും ഇവിടെങ്ങളിലുണ്ട്. പൊന്ന്യം വയൽ, മൊകേരി വയൽ എന്നിവിടങ്ങളിൽ പുഴി കലർന്ന വയൽ മണ്ണാണ് കാണപ്പെടുന്നത്.

ഭൂമിയുടെ 80% പുരയിട കൃഷിയാണ്. മൊകേരി, കതിരൂർ പഞ്ചായത്തിലെ ചെങ്കൽ പാറപ്രദേശങ്ങളിൽ കശുവണ്ടി കൃഷിയുണ്ട്. മണ്ണാഴവും, ഈർപ്പവും അനുസരിച്ച് തെങ്ങ്, കവുങ്ങ് ഇവ കൃഷി ചെയ്യുന്നു. ഇടവിള കൃഷിക്ക് എല്ലാ പഞ്ചായത്തുകളിലും വളരെയേറെ സാധ്യതയുണ്ടെങ്കിലും നാമമാത്ര രീതിയിലാണ് നടക്കുന്നത്. പച്ചക്കറി കൃഷി എടുത്തുപറയത്തക്ക രീതിയിലുള്ളത് മൊകേരി കതിരൂർ പഞ്ചായത്തുകളിലാണ്. അഞ്ച് ഏക്കറിലധികം ഭൂമിയുള്ള കൃഷിക്കാർ നാമമാത്രമാണ്.

ജലസ്രോതസ്സുകൾ

രണ്ട് നദി തടങ്ങളിലായാണ് പാനൂർ ബ്ലോക്ക് പ്രദേശമുള്ളത് ചൊക്ലി ഗ്രാമപഞ്ചായത്തിലെ കവിയൂർ നീർത്തടം മാഹിപ്പുഴത്തടത്തിലും ശേഷിക്കുന്ന നീർത്തടങ്ങൾ തലശ്ശേരി പുഴത്തടത്തിലുമാണ്. കുന്നുകളിൽ നിന്ന് ഉൽഭവിക്കുന്ന തോടുകൾ പാനൂരിൽ സുലഭമാണ്. ഇവയുടെ ഇന്നത്തെ അവസ്ഥ വളരെ ശോഷിച്ചതാണ്. കുടിവെള്ളത്തിന് തുറന്ന കിണറുകളേയും ജലസേചനത്തിനായി തോടുകളേയും കുളങ്ങളേയും ആശ്രയിക്കുന്നു.

പരിസ്ഥിതി സവിശേഷതകൾ

ഭൂമിയിലെ ജീവന്റെ നിലനിൽപ്പിന് ആധാരം ജൈവവൈവിധ്യമാണ്. ജൈവവൈവിധ്യത്തിന്റെ കലവറയാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത്. പറമ്പുകൃഷിയുടെ പെരുമ നിലനിന്നിരുന്ന ഭൂപ്രദേശം. സൂര്യപ്രകാശത്തിനു വേണ്ടി പരസ്പരം മത്സരിക്കാത്ത തരത്തിൽ ബഹുതല കാർഷിക പ്രവർത്തനങ്ങൾ നടത്തിയിരുന്ന പുരയിടങ്ങൾ ആയിരുന്നു ഇവിടെ. ഒരിഞ്ചിൽ താഴെ മാത്രം വേരോട്ടമുള്ള മൂക്കുറ്റി മുതൽ ഭൂമാന്തർഭാഗത്ത് നിന്ന് ജലവും സസ്യപോഷകങ്ങളും ആഗിരണം ചെയ്യുന്ന പുളി വരെ നീളുന്ന സസ്യവൈവിധ്യം നമ്മുടെ സവിശേഷതയായിരുന്നു. ഈ സസ്യവൈവിധ്യമാണ് മണ്ണിന്റെ ഘടനയും ഘടനയും നിലനിർത്തിയിരുന്നത്. തെങ്ങോല വട്ടത്തിൽ കണ്ടങ്ങളാക്കി തൽസ്ഥല ജലസംരക്ഷണം നടത്തി കർഷകരും പ്രകൃതിവിഭവസംരക്ഷകരായി. ഒപ്പം ജലസംഭരണികളായും ആവാസ കേന്ദ്രങ്ങളായും ചെറുകുന്നുകളും തണ്ണീർത്തടങ്ങളും എങ്ങും ഹരിതാഭയും സമൃദ്ധിയും മാത്രം.

ജീവന്റെ നിലനിൽപ്പിനാധാരമായ ശുദ്ധജലം അടുത്ത മഴക്കാലംവരെയ്ക്കും ആവശ്യമായ അത്രയും അളവിൽ സംരക്ഷിച്ചു നിർത്തുന്ന നെൽവയലുകളും ചതുപ്പുകളും തണ്ണീർത്തടങ്ങളും. ഇവയിലാകട്ടെ ഗ്രാമീണന്റെ പോഷകാവശ്യം നിർവ്വഹിക്കാൻ പര്യാപ്തമായ അളവിൽ ശുദ്ധജല മത്സ്യ സമ്പത്ത്. തിന്നും തിന്നപ്പെട്ടും സന്തുലിതമായ ഭക്ഷ്യശൃംഖലാജാലം. ഇവയെല്ലാം ഭാവിയിലേക്കുള്ള ഈടുവെപ്പുകളായി പരിപാലിക്കുകയും സംരക്ഷിക്കപ്പെടുകയും ചെയ്തിരുന്നു.

സംയോജിത കൃഷിയിലൂടെയും സമ്മിശ്ര കൃഷിയിലൂടെയും വിള വിപര്യയത്തിലൂടെയും പ്രകൃതി വിഭവം സംരക്ഷിക്കപ്പെട്ടിരുന്നു. എന്തും എപ്പോഴും എവിടെയും സന്തുലിതാവസ്ഥ പാലിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തക്കവിധത്തിലുള്ള ജീവിതക്രമം പിന്തുടരാൻ എല്ലാവരും വിട്ടുവീഴ്ച ചെയ്തിരുന്നു. കുന്നിന്റെ മണ്ടമുതൽ താഴ്‌വാരത്തെ ബഹിർഗമന സ്ഥാനം വരെ സർവ്വരും പരസ്പരം പൂരകമായി ഇടപെട്ടുകൊണ്ട് കാർഷിക പ്രവർത്തനം നടത്തുമ്പോഴും ഉപജീവന ഉപാധികണ്ടെത്തുമ്പോഴും പ്രകൃതി വിഭവം സംരക്ഷിച്ചു പോന്നിരുന്നു.

പാരിസ്ഥിതികമായ ഈ സവിശേഷതകൾക്ക് തുടർച്ച ഉണ്ടായാലേ മനുഷ്യന് മനുഷ്യനായി നിലനിൽക്കാനാവൂ. ഇന്നത്തെ വികസനാവശ്യങ്ങൾ നിർവ്വഹിച്ചുകൊണ്ട് ഭാവിയുടെ വികസനത്തിന് വേണ്ടി വിഭവങ്ങൾ ബാക്കിയാക്കിവേണം നമ്മൾ മുന്നേറേണ്ടത്. വികസനത്തിന്റെ അടിസ്ഥാന വിഭവങ്ങളായ മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയുടെ പുനഃസ്ഥാപനവും സംരക്ഷണവും നമ്മുടെ മുഖ്യചുമതലയാക്കുക. അതിന്മേലാവണം നമ്മുടെ വികസന സ്വപ്നം പടുത്തുയർത്തേണ്ടത്.

മഴലഭ്യത

സംസ്ഥാനത്ത് പൊതുവെ ലഭിക്കുന്ന ശരാശരി മഴ പാനൂർ ബ്ലോക്ക് പരിധിക്കകത്തും ലഭിക്കുന്നു. കാലവർഷം (ജൂൺ, ജൂലായ്, ആഗസ്റ്റ്) തുലാവർഷം, (സപ്തംബർ, ഒക്ടോബർ), വേനൽ മഴ (ഏപ്രിൽ, മെയ്) എന്നീ മൂന്ന് മഴക്കാലങ്ങളിലായി ശരാശരി 124 മഴദിനങ്ങളിലായി മഴലഭിക്കുന്നു. ഇത് 250 മി. മീറ്റർ മുതൽ 3000 മി.മീറ്റർ വരെ പ്രതിവർഷം ലഭിക്കുന്നു. ബ്ലോക്കിന്റെ കിഴക്കെ അതിർത്തിക്കപ്പുറത്ത് 3500 മി മീറ്റർ വരെ മഴ ലഭിക്കുന്ന കിഴക്കൻ മലയോരമേഖലയാണ്. ഇവിടെങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന നീരൊഴുക്ക് പാനൂർ ബ്ലോക്ക് പ്രദേശത്തുള്ള നീർച്ചാലുകളിലൂടെയാണ് പുഴകളിലെത്തുന്നത്. ഈ മഴ സമൃദ്ധിയിലും വരൾച്ച അനുഭവപ്പെടുന്ന ഭൂപ്രദേശങ്ങൾ ബ്ലോക്ക് പരിധിക്കത്തുണ്ട്. കഴിഞ്ഞ കുറച്ചു കാലങ്ങളിലായി കാലവർഷം കാലം തെറ്റുകയും കുറയുകയും ചെയ്യുന്നതായി അനുഭവപ്പെടുന്നു.

സവിശേഷ പരിസ്ഥിതി പ്രശ്നങ്ങൾ

കുന്നിടിക്കുന്നതും താഴ്ന്ന പ്രദേശങ്ങളും നെൽവയലുകളും തണ്ണീർത്തടങ്ങളും നികത്തുന്നതുമാണ് പ്രധാന പരിസ്ഥിതി പ്രശ്നങ്ങൾ. നാല് പഞ്ചായത്ത് പ്രദേശങ്ങളിലും ഈ പ്രവണത കണ്ടുവരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്കായി പുരയിടത്തിലേയും കരപ്രദേശങ്ങളിലേയും മേൽമണ്ണ് നീക്കം ചെയ്യുന്നതും പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. ചൊക്ലി പഞ്ചായത്തിലെ ഒളവിലം പ്രദേശത്ത് ഉപ്പുവെള്ളം കയറുന്ന അവസ്ഥയുണ്ട്. 480 ഹെക്ടർ പ്രദേശം ഇവിടെ തരിശായി കിടക്കുന്നു.

നീർത്തടങ്ങൾ

പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 47.09 ച.കി മീ മാത്രമാണ് വിസ്തൃതി. ഈ പ്രദേശം 2 നദി തടങ്ങളിൽ (29. M മാഹിപ്പുഴ, 30 തലശ്ശേരി പുഴ) ലായി സ്ഥിതി ചെയ്യുന്നു. ഇവിടെ 10 ചെറു നീർത്തടങ്ങൾ ഉണ്ട്. മാഹിപ്പുഴയുടെ 2 ചെറു നീർത്തടവും തലശ്ശേരിപ്പുഴയുടെ ഭാഗമായി 8 ചെറുനീർത്തടങ്ങളും. ഇതിൽ ചൊക്ലി പഞ്ചായത്ത് പ്രദേശം 2 നദീതടത്തിന്റെയും ഭാഗമായി വരുന്നു.

ക്രമ നമ്പർനീർത്തടത്തിന്റെ പേര്നമ്പർവിസ്തീർണ്ണം (ഹെക്ടർ)ഉൾപ്പെടുന്ന പഞ്ചായത്തുകൾ
1പൊന്ന്യം30 T 9a826.88കതിരൂർ, കൂത്തുപറമ്പ്
2എറുവട്ടി30 T 5e408.63കതിരൂർ, കോട്ടയം, എരഞ്ഞോളി
3കല്ലുമ്പുറം30 T 8a538.43കതിരൂർ, എരഞ്ഞോളി
4മുതിയങ്ങ30 T 12b, 12 f993.5മൊകേരി, പാട്യം
5വള്ള്യായി30 T 13a, 13 c596.5മൊകേരി, കുന്നോത്തുപറമ്പ്
6പൂഞ്ചക്കമാനം30 T 14 a879മൊകേരി, പാനൂർ, പന്ന്യന്നൂർ
7പന്ന്യന്നൂർ മൂന്നാം മുക്ക്30 T 15a697.61പന്ന്യന്നൂർ, ചൊക്ലി, പാനൂർ, മാഹി
8നിടുംബ്രം30 T 16a937.45പന്ന്യന്നൂർ, ചൊക്ലി
9കവിയൂർ29 M 3a806.40ചൊക്ലി,
10പെരുമ്പ29 M 4a381.36ചൊക്ലി, പാനൂർ, മുനിസിപ്പാലിറ്റി