ഭരണ ചരിത്രം

 

നമ്മുടെ രാജ്യത്തിന്റെ പൗരാണിക ജീവിതത്തിന്റെ അധികാര കേന്ദ്രവും നിയമസംവിധാനവും സമന്വയിച്ച ഗ്രാമീണ ഭരണ സ്ഥാപനമായിരുന്നു പഞ്ചായത്ത്. അഞ്ചു എന്ന അർത്ഥിനെ ദ്യോതിപ്പിക്കുന്ന സംസ്കൃത പദമാണ് പഞ്ചായത്ത് എന്ന പദത്തിന് നിദാനം. അഞ്ചുപേരടങ്ങുന്ന ഗ്രാമീണ ഭരണ സമിതിയെയാണ് പഞ്ചായത്ത് എന്ന് വിളിച്ചുവന്നത്. ഭരണ സമിതിയുടെ അംഗസംഖ്യ കാലാന്തരത്തിൽ വർദ്ധിക്കുകയും പഞ്ചായത്ത് എന്ന പേര് ചരിത്രം ഏറ്റെടുക്കുകയും ചെയ്തു. ഇന്ത്യയിലെ എല്ലാ ഭാഷകളിലും ഒരേ അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു പദമാണ് പഞ്ചായത്ത്. ഗ്രാമജീവിതത്തിന്റെ കണ്ണും കാതും ഗന്ധവും രുചിയും സ്പർശനവുമായ ഈ പഞ്ചായത്തുകൾ സാമൂഹിക ജീവിതത്തിന്റെ പഞ്ചേന്ദ്രിയങ്ങളായി ബ്രിട്ടീഷ് ആധിപത്യകാലം വരെ ഇന്ത്യയിൽ നില നിന്നുപോന്നു. എന്നാൽ അധികാരവും നിയമവും രാഷ്ട്ര സങ്കല്പത്തിന്റെ ഭാഗമായതോടെ അധികാരവും നീതിന്യായ വ്യവസ്ഥയും പഞ്ചായത്തുകളുടെ ഭാഗമല്ലാതാവുകയും ക്രമേണ പഞ്ചായത്തുകളുടെ ഗ്രാമീണ സ്വാധീനം ദുർബലമാവുകയും ചെയ്തു.

സ്വാതന്ത്ര്യാനന്തരം തദ്ദേശസ്വയംഭരണം സാർവ്വദേശീയമായ ഒരാശയമായി വളർച്ച പ്രാപിക്കുകയും നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യാനന്തര സമൂഹത്തിൽ പഞ്ചായത്തുകൾ കൂടുതൽ കരുത്താർന്ന പ്രാദേശിക സംവിധാനമായി പുനഃസൃഷ്ടിക്കപ്പെടുകയും ചെയ്തു. സമാന്തരമായി വികസന ബ്ലോക്കുകളുടെ നയങ്ങളും പ്രയോഗിക്കപ്പെട്ടു. അങ്ങനെ ഗ്രാമീണ മേഖലയിലെ കാർഷിക വളർച്ചയിലും തൊഴിലവസര സൃഷ്ടിയിലും വികസന ബ്ലോക്കുകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിസ്തുലമായ പങ്ക് വഹിച്ചു.

ഇന്ത്യയിൽ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും ഗ്രാമവികസന മേഖലയിൽ ഒട്ടേറെ പരീക്ഷണങ്ങൾ നടന്നിട്ടുണ്ട്. സ്വാതന്ത്ര്യത്തിനു ശേഷം 1948ൽ ഇന്ത്യാ ഗവൺമെന്റ് നടപ്പാക്കിയ പൈലറ്റ് പ്രോജക്ടിന്റെ തുടർച്ച എന്ന നിലയിലാണ് വികസന ബ്ലോക്കുകൾ എന്ന സങ്കല്പം രംഗപ്രവേശനം ചെയ്യുന്നത്. ദേശീയ വിജ്ഞാന വ്യാപന പരിപാടിയുടെ ഭാഗമായി 1952 ഒക്ടോബർ മാസത്തിലാണ് നമ്മുടെ രാജ്യത്ത് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസുകൾ നിലവിൽ വന്നു തുടങ്ങിയത്. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന അന്നത്തെ കേരളത്തിൽ ഫർക്കാ ഡവലപ്മെന്റ് എന്ന പേരിലാണ് വികസന ബ്ലോക്കുകൾ രൂപീകൃതമാവുന്നത്.

1954 ൽ തലശ്ശേരി ഫർക്ക കേന്ദ്രീകരിച്ച് തലശ്ശേരി ഫർക്കാ ഡവലപ്മെന്റ് ഓഫീസ് നിലവിൽ വന്നു. തലശ്ശേരി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസിന്റെ ആദ്യരൂപം തലശ്ശേരി ഫർക്ക മാത്രമായിരുന്നു. ശക്തമായ ജനസമ്മർദ്ദത്തെ തുടർന്ന് പ്രവർത്തനപരിധി കൂത്തുപറമ്പ്, മട്ടന്നൂർ ഫർക്കകൾ കൂടി തലശ്ശേരി ഫർക്കാ ഡവലപ്മെന്റ് ഓഫീസിന്റെ ഭാഗമാക്കി. ശ്രീ നെട്ടൂർ. പി. ദാമോദരനായിരുന്നു ആദ്യത്തെ ബി. ഡി. ഒ.

1956 ൽ കൂത്തുപറമ്പ്, മട്ടന്നൂർ ഫർക്കകൾ കേന്ദ്രീകരിച്ച് കൂത്തുപറമ്പ് ബ്ലോക്ക് അനുവദിക്കപ്പെട്ടു. ആ വർഷം നവംബർ മാസത്തിൽ ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. സ്വാതന്ത്ര്യസമര സേനാനിയും കാസർകോഡ് സ്വദേശിയുമായ ശ്രീ. എ. അച്ചുതനായിരുന്നു ആദ്യത്തെ ബി. ഡി. ഒ.

ആസൂത്രിത ദേശീയ വികസനത്തിന്റെ ഭാഗമായി ബ്ലോക്കുകളിൽ ദ്രുതഗതിയിൽ ഉല്പാദന സാമൂഹിക പ്രവർത്തനങ്ങൾ നടന്നു. ഇത് പ്രദേശത്തിന്റെ വികസനത്തെ സ്വാധീനിച്ചിരുന്നു. ആദ്യഘട്ടങ്ങളിൽ കൃഷിക്കും ജലസേചനത്തിനും മുൻതിയ പരിഗണന നൽകിയുള്ള പ്രവർത്തനങ്ങളായിരുന്നു. കാർഷിക മേഖലയിലെ രാസവളപ്രയോഗങ്ങളും കൃഷി രീതികളും പരമ്പരാഗത കൃഷിക്കാരെ ബോധ്യപ്പെടുത്താൻ ഗ്രാമസേവകൻ (വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ) പെടാപ്പാട് പെട്ടിരുന്നു. അക്കാലത്ത് ജലസേചന പദ്ധതികളും ബ്ലോക്ക് ധാരാളമായി ഏറ്റെടുത്തിരുന്നു. ഇന്ന് നേരിട്ടുള്ള കാർഷിക വികസന പ്രവർത്തനങ്ങൾ ബ്ലോക്ക് പ്രവർത്തന പരിധിയിൽ വരുന്നില്ല.

NREP (നാഷണൽ റൂറൽ എംപ്ലോയ്മെന്റ് പ്രോഗ്രാം 1980) RLEGP (റൂറൽ ലാൻഡ് ലസ്സ് എംപ്ലോയ്മെന്റ് ഗ്യാരണ്ടി പ്രോഗ്രാം 1988) തുടങ്ങിയ പദ്ധതികൾ വഴി ധാരാളം റോഡുകൾ നിർമ്മിച്ചിരുന്നു. EAS (എംപ്ലോയ്മെന്റ് അഷ്വറൻസ് സ്കീം) JRY (ജവാഹർ റോസ്ഗർ യോജന) SGRY (സമ്പൂർണ്ണ ഗ്രാമീണ റോസ്ഗർ യോജന) SGSRY (സ്വർണ്ണജയന്തി ഗ്രാമീണ സ്വരൊസ്ഗാർ യോജന) തുടങ്ങിയവ ബ്ലോക്കിന്റെ പഴയകാല പദ്ധതികളായിരുന്നു. കൂടാതെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൃഷി മൃഗസംരക്ഷണം, ചെറുകിട ജലസേചനം, ചെറുകിട വ്യവസായം, കുടുംബക്ഷേമം, സഹകരണം,പൊതുമരാമത്ത് തുടങ്ങിയ മേഖലകളിലെ വികസന പരിപാടികളുടെ കേന്ദ്രവും ആയിരുന്നു ബ്ലോക്ക്. ഇവയിൽ പലതും ഇന്ന് ബ്ലോക്കിന്റെ നേരിട്ടുള്ള ചുമതലയായിട്ടുണ്ട്.

ഭരണഘടനാപരമായ സംരക്ഷണമോ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിയോ അന്ന് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസിൽ ഉണ്ടായിരുന്നില്ല. ജനപ്രതിനിധികളായ പഞ്ചായത്ത് പ്രസിഡന്റുമാർ, എം. എൽ. എ മാർ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥന്മാർ എന്നിവരടങ്ങുന്ന ഉപദേശകസമിതിയാണ് ബ്ലോക്കിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിച്ചിരുന്നത്.

ദേശീയ സ്വാതന്ത്ര്യസമരകാലത്ത് സ്വരാജ് പോലെതന്നെ ഇന്ത്യൻ ജനതയുടെ സ്വപ്നമായിരുന്നു ഗ്രാമസ്വരാജ്. ഗ്രാമസ്വരാജ് യാഥാർത്ഥ്യമാക്കുന്നതിനായി നിരവധി കമ്മീഷനുകളും പഠനങ്ങളും നടക്കുകയുണ്ടായി. ഇവയുടെ പശ്ചാത്തലത്തിൽ 1993 ൽ 73, 74 ഭരണഘടനാ ഭേദഗതികൾ പാർലമെന്റിൽ പാസാക്കപ്പെട്ടു. 73-ാം ഭരണഘടനാ ഭേദഗതി ഗ്രാമത്തിലും ജില്ലാതലത്തിലും മധ്യതലത്തിലും (ബ്ലോക്ക്) പഞ്ചായത്തുകൾ രൂപീകരിക്കാൻ നിർദ്ദേശിക്കുന്നു. ഈ ഭേദഗതി വഴി ഭരണഘടനയിലേക്ക് 243, 241 A മുതൽ 243 ZG വരെ 34 അനുച്ഛേദങ്ങൾ കൂട്ടിച്ചേർത്തു. കൂടാതെ പഞ്ചായത്ത്‌രാജ് സ്ഥാപനങ്ങൾ കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ വിവരിക്കുന്ന 41-ാം പട്ടികയും ഉൾപ്പെടുത്തി.

73-ാം ഭരണഘടന ഭേദഗതിയുടെ അടിസ്ഥാനത്തിൽ കേരള പഞ്ചായത്ത് രാജ് നിയമം 1994 ഏപ്രിൽ 23 ന് പ്രാബല്യത്തിൽ വന്നു. ഈ നിയമപ്രകാരമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് 1995 സെപ്തംബറിൽ നടന്നു. നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി സർക്കാരിന്റെ വിവിധ വകുപ്പുകളും അധികാരങ്ങളും 1995 ഒക്ടോബർ 2 മുതൽ പഞ്ചായത്തുകൾക്ക് കൈമാറി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ബ്ലോക്ക് തലത്തിൽ പഞ്ചായത്ത് രൂപീകൃതമാവുകയും, ബ്ലോക്ക് ഡവലപ്പ്മെന്റ് കൗൺസിലുകൾക്ക് (ബി. ഡി. സി) പകരം ജനങ്ങൾ തെരഞ്ഞെടുത്ത, ഭരണഘടനാ സംരക്ഷണത്തോടെയുള്ള ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ആദ്യമായി നിലവിൽ വരികയും ചെയ്തു.

1996 ൽ സംസ്ഥാനത്ത് അധികാരത്തിൽ വന്ന സർക്കാർ പഞ്ചായത്തീരാജ് നിയമം കൂടുതൽ ജനാധിപത്യപരവും കാര്യക്ഷമവും ആക്കാൻ നടപടികള ആരംഭിച്ചു. ഇതു സംബന്ധിച്ച് പഠിച്ച് സമഗ്രമായി റിപ്പോർട്ട് സമർപ്പിക്കാൻ ശ്രീ. സത്യബ്രതോസെൻ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. ഈ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ച് 1999 ൽ സമഗ്രമായ ഭേദഗതികൾ പഞ്ചായത്ത്‌രാജ് നിയമത്തിൽ വരുത്തുകയും ചെയ്തു.

1997ൽ ആരംഭിക്കുന്ന 9-ാം പഞ്ചവത്സര പദ്ധതി രൂപീകരണം വികേന്ദ്രീകൃതമായി തയ്യാറാക്കുന്നതിനായി സംസ്ഥാന സർക്കാർ തീരുമാനിക്കുകയുണ്ടായി. ലോകത്തെവിടെയും മാതൃകയില്ലാത്ത ഒരു പരിപാടി ഏറ്റെടുക്കാനൊരുങ്ങിയ കേരള ജനതയോട് ഇതിന്റെ നായകത്വം വഹിച്ച ശ്രീ. ഇ. എം. എസ് ആഹ്വാനം ചെയ്തത് അനുഭവങ്ങളിൽ നിന്ന് പഠിച്ച് മുന്നേറുക, പ്രവർത്തനങ്ങളെ വിമർശനപരമായി പരിശോധിച്ച് ശക്തിയോടൊപ്പം ദൗർബല്യങ്ങളെയും വിലയിരുത്തി പരിഹാരങ്ങൾ കണ്ടെത്തി മുന്നോട്ട് നീങ്ങുക എന്നതായിരുന്നു.

ഇന്ത്യയിൽ അതുവരെ നടന്ന ആസൂത്രണ പരീക്ഷണങ്ങളിൽ ജനപങ്കാളിത്തം എന്നത് ജനപ്രതിനിധികളുടെ പങ്കാളിത്തം എന്ന നിലയിലായിരുന്നു. എന്നാൽ ഒരു പഞ്ചവത്സര പദ്ധതി ഗ്രാമീണരടക്കമുള്ള ജനവിഭാഗങ്ങൾ ജനാധിപത്യപരമായി, വികേന്ദ്രീകൃതമായി രൂപപ്പെടുത്തി നടപ്പിലാക്കാൻ തീരൂ...

മാനിക്കപ്പെടുകയായിരുന്നു. തീരുമാനിച്ച നടപ്പിലാക്കാനുള്ള പണവും, അധികാരവും ഉദ്യോഗസ്ഥ സംവിധാനങ്ങളും സർക്കാർ പഞ്ചായത്തുകൾക്ക് നൽകി. ബ്ലോക്ക് പഞ്ചായത്ത് അതിന് ലഭ്യമായ വിഭവം ജനകീയാസൂത്രണ പ്രക്രിയയിലൂടെ ജനോപകാരപ്രദമായി വിനിയോഗിച്ചു തുടങ്ങി. സംസ്ഥാന പദ്ധതി വിഹിതത്തിനൊപ്പം കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതവും സമനയിപ്പിച്ചുകൊണ്ട് വികസന പ്രതിസന്ധികൾ മറികടക്കാൻ ഇന്ന് ബ്ലോക്ക് പഞ്ചായത്തിനാവുന്നുണ്ട്.

ജനകീയാസൂത്രണ രംഗത്തെ ഒരു പതിറ്റാണ്ട് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വികേന്ദ്രീകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണപരമായ അതിർത്തികൾ പുനർ നിർണ്ണയിക്കാൻ 2010 ൽ സംസ്ഥാന സർക്കാർ തീരുമാനിച്ചു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായ മൊകേരി, പന്ന്യന്നൂർ, പാനൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുത്തി 7 ഗ്രാമ പഞ്ചായത്തുകൾ ചേർത്ത് പാനൂർ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിക്കാൻ തീരുമാനിക്കപ്പെട്ടു.

പാനൂർ ടൗൺ ആസ്ഥാനമായി രൂപീകൃതമായ പാനൂർ ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2011 ൽ നടന്നു. ശ്രീമതി. വസന്തകുമാരി ടീച്ചർ പ്രസിഡന്റായ ആദ്യഭരണ സമിതി 2010 നവംബർ ഒന്നിന് നിലവിൽ വരികയും ചെയ്തു.

പുതുതായി രൂപീകൃതമായ ബ്ലോക്ക് പഞ്ചായത്ത് എന്ന നിലയിൽ ബാലാരിഷ്ടതകൾ ഏറെയുണ്ടായിരുന്നെങ്കിലും സാമൂഹ്യ പ്രതിബദ്ധതയും മികവാർന്ന പ്രവർത്തന ശൈലിയും ജനങ്ങളുടെ പിന്തുണയുംകൊണ്ട് മറികടന്നുള്ള പ്രവർത്തനത്തിന് ആദ്യ ഭരണ സമിതിക്ക് സാധിച്ചു.

ആദ്യ ഭരണ സമിതിയുടെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിൽതന്നെ അഞ്ച് വർഷം പ്രായമായ പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണപരമായ അതിർത്തി പുനർനിർണ്ണയിക്കപ്പെട്ടു. പാനൂർ, കരിയാട്, പെരിങ്ങളം പഞ്ചായത്തുകളെ ചേർത്തുകൊണ്ട് പാനൂർ മുൻസിപ്പാലിറ്റി പുതുതായി രൂപീകരിക്കപ്പെട്ടു. ശേഷിക്കുന്ന കതിരൂർ മൊകേരി, ചൊക്ലി, പന്ന്യന്നൂർ എന്നീ പഞ്ചായത്ത് പ്രദേശങ്ങളാണ് ഇപ്പോൾ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്നത്.

പഞ്ചായത്ത് ഇലക്ഷനെ തുടർന്ന് പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ രണ്ടാമത് ഭരണസമിതി നിലവിൽ വരികയും ശ്രീ. കെ.ഇ. കുഞ്ഞബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ഭരണസമിതി 2015 നവംബർ 1 ന് ചുമതലയേൽക്കുകയും ചെയ്തു. ഗ്രാമീണ മേഖലയിൽ ഫലപ്രദമായി സേവനം നൽകുന്നതിന് ബ്ലോക്ക് പരിധിക്കുള്ളിൽതന്നെ ആസ്ഥാനം വേണമെന്നതിന്റെ അടിസ്ഥാനത്തിൽ സർക്കാർ അനുമതിയോടെ പാനൂർ ബ്ലോക്കിന്റെ ആസ്ഥാനം പാനൂർ ടൗണിൽ നിന്നും താഴെചമ്പാടേക്ക് മാറ്റി. രണ്ടാം ഭരണസമിതിയുടെ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമായി ബ്ലോക്ക് പഞ്ചായത്തിന് സ്വന്തമായി ആസ്ഥാന മന്ദിരം പണി കഴിക്കുന്നതിനും ഘടകസ്ഥാപനങ്ങളെയെല്ലാം ബ്ലോക്ക് സമുച്ചയത്തിലേക്ക് മാറ്റുന്നതിനും സാധിച്ചു. ഇന്ന് കേരളത്തിൽതന്നെ ഏറ്റവും മനോഹരമായ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടങ്ങളിൽ ഒന്നാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് സമുച്ചയം. ഭരണ സമിതിയുടെ പകുതി കാലാവധി പിന്നിട്ടശേഷം കെ.ഇ. കുഞ്ഞബ്ദുള്ള പ്രസിഡന്റ് സ്ഥാനം ഒഴിയുകയും ശ്രീ. എൻ.അനൂപ് പ്രസിഡന്റായി ചുമതലയേൽക്കുകയും ചെയ്തു. മികവുറ്റ പ്രവർത്തനത്തിലൂടെ വികസന പ്രവർത്തനങ്ങളിൽ ഒഴിച്ചുകൂടാൻ പറ്റാത്ത കണ്ണിയായി മാറാൻ പാനൂർ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. 2020 ൽ ശ്രീമതി. എ. ശൈലജയുടെ നേതൃത്വത്തിൽ നിലവിൽ വന്ന പുതിയ ഭരണ സമിതിയും ലക്ഷ്യാധിഷ്ഠിതവും ഫലാധിഷ്ഠിതവുമായ വികസനപ്രവർത്തനങ്ങളാണ് കാഴ്ച്ച വച്ചു .

2025 ൽ തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി പ്രസീത എൻ ന്റെ നേതൃത്വത്തിൽ നിലവിൽ വന്ന പുതിയ ഭരണ സമിതി വികസനത്തിന്റെ ഉന്നതിയിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇതിനകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്