സ്ഥാപന ചരിത്രം

സാമൂഹിക സാംസ്കാരിക സ്ഥിതി

അന്താരാഷ്ട്ര, ദേശീയ സംസ്ഥാനതലത്തിൽ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വങ്ങളുടെ ജനദേശങ്ങൾ ഉൾക്കൊള്ളുന്ന ഭൂപ്രദേശങ്ങൾ ഉൾപ്പെട്ടതാണ് പാനൂർ ബ്ലോക്ക് പ്രദേശം. ഒപ്പം പോരാട്ടങ്ങളുടെയും ചെറുത്തുനിൽപ്പിന്റെയും ഭൂമി കൂടിയാണ് പാനൂർ.

അന്താരാഷ്ട്ര പ്രശസ്തയായ സസ്യശാസ്ത്രജ്ഞയായ പദ്മശ്രീ, ഡോക്ടർ ഇ. കെ. ജാനകിയമ്മാൾ, ഉറൂബ്ശ്രീ ഗുരുനാഥന്മാർ, മൊയാരത്ത് ശങ്കരൻ, എൻ. ഇ. ബാലറാം, തായാട്ട് ശങ്കരൻ, എം. വി ദേവൻ, കെ. പാനൂർ, കെ. തായാട്ട്, സിങ്കപ്പൂർ മുൻപ്രസിഡണ്ടായിരുന്ന ശ്രീ. ഇ. വി. ദേവൻനായർ തുടങ്ങിയ മഹാരഥികൾ പാനൂരിന്റെ അഭിമാനങ്ങളാണ്.

പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ചരിത്രം ഏകോപിപ്പിച്ച് രേഖപ്പെടുത്തുന്നതിന് പകരം പഞ്ചായത്തുതലത്തിൽ രേഖപ്പെടുത്തുന്നതാണ് ഉചിതം എന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുതലത്തിൽ രേഖപ്പെടുത്തുന്നു.

കതിരൂർ

വിശാലമായ വയലുകളിൽ സമൃദ്ധമായി നെൽ കതിരുകൾ വിളഞ്ഞിരുന്നതുകൊണ്ട് കതിരിന്റെ ഊര് എന്നത് പിന്നീട് കതിരൂർ എന്ന സ്ഥലനാമത്തിലറിയപ്പെട്ടു. ശ്രീ സൂര്യ നാരായണക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലമായതുകൊണ്ട് കതിരവന്റെ ഊര് കതിരൂരായി എന്ന മറ്റൊരു ഐതിഹ്യവും നിലവിലുണ്ട്.

കേരളത്തിന്റെ പൊതുചരിത്രമാണ് കതിരൂരിനും പറയാനുള്ളത്. സുശക്തമായ ഒരു കേന്ദ്രീയ ഭരണകൂടം നിലവിലില്ലാതിരുന്ന കാലത്താണ് ജന്മ ജന്മി നാട്ടുവാഴിത്ത ഭരണത്തിന്റെ രംഗപ്രവേശം നമ്മുടെ നാട്ടിലുണ്ടായത്. ഭൂസ്വത്തുക്കൾ മുഴുവനും ഏതാനും ഭൂപ്രഭുക്കന്മാരുടെ അധീനതയിലായി. വാരവും പാട്ടവും മറ്റു അന്യായപിരിവുകളും കൂടിയായമാരിൽ നിന്ന് കാര്യസ്ഥന്മാർ മുഖേന വസൂലാക്കി നാട്ടുവാഴികൾ ഭരിച്ചു. കതിരൂരിന്റെ വലിയൊരു ഭാഗം കയാളയിരുന്നത് പൊന്ന്യം അകത്തുട്ട് മനയ്ക്കലെ തമ്പ്രാക്കളായിരുന്നു. കതിരൂർ ദേവസ്വത്തിന്റെ ജന്മസ്വത്തെന്ന നിലയിലും ഇവർ വിശാലമായ ഭൂപ്രദേശം കൈവശം വെച്ചിരുന്നു. കാവുങ്കരഇല്ലം, കൂടക്കൽ, കോട്ടാൽ എന്നീ തറവാട്ടുകാർക്കും കതിരൂരിൽ ഏറെ ഭൂമിയുണ്ടായിരുന്നു. മലബാറിൽ ബ്രിട്ടീഷ് ആധിപത്യം ഉണ്ടാകുന്നതു് വരെ കതിരൂർ ഗ്രാമം കോട്ടയം രാജായുടെ അധീനതയിലായിരുന്നു. മുമ്പത്തെ കോട്ടയം താലൂക്കിലുള്ള (ഇപ്പോഴത്തെ തലശ്ശേരി താലൂക്ക്) 16 അംശങ്ങളിൽ ഒന്നായിരുന്നു കതിരൂർ. കുരുമുളക് തുടങ്ങിയ മലഞ്ചരക്കുകൾ സുലഭമായിരുന്നതിനാൽ ഈസ്റ്റിന്ത്യാ കമ്പനിയുടെ ശ്രദ്ധാകേന്ദ്രമായി കതിരൂർ മാറി. മേജർ അലക്സാണ്ടർ ഡൗവിന്റെ നേതൃത്വത്തിൽ പഴശ്ശിരാജായ്ക്കെതിരായ പടനീക്കത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്ന് കതിരൂരായിരുന്നു. ശ്രീരംഗപട്ടണം ഉടമ്പടി പ്രകാരം മലബാർ മുഴുവൻ ഈസ്റ്റിന്ത്യാ കമ്പനിക്ക് ലഭിച്ചുവെങ്കിലും പഴശ്ശിരാജാവിന്റെ വീരചരമത്തിന് ശേഷവും മാത്രമാണ് കതിരൂർ ഉൾപ്പെടെയുള്ള പ്രദേശം ബ്രിട്ടീഷുകാരുടെ പൂർണ്ണ നിയന്ത്രണത്തിലായത്. അതിനുശേഷം നികുതിപിരിക്കാനുള്ള അധികാരം ചില നാട്ടുപ്രമാണികൾക്കാണ് ബ്രിട്ടീഷുകാർ നൽകിയത്. കതിരൂരിലെ നികുതി പിരിക്കാനുള്ള അവകാശം കൂടക്കൽ തറവാട്ടിലെ അധികാരിയായി നികുതി പിരിച്ചിരുന്നത്. 1961 ൽ നടന്ന വില്ലേജ് പുനഃസംഘടനയോടെയാണ്. പാരമ്പര്യ അധികാരി സ്ഥാനം ഇല്ലാതായത്.

ഇന്നത്തെ വില്ലേജ് ആഫീസ് പ്രവർത്തിക്കുന്ന കച്ചേരി പറമ്പിലാണ് കതിരൂരിലെ കച്ചേരി (കോടതി) ചേർന്നിരുന്നത്. ഈസ്റ്റിന്ത്യാകമ്പനിയുടെ ഭരണകാലത്ത് തലശ്ശേരി കോട്ടയുടെ അധിപനായിരുന്ന സായിപ്പിന്റെ അധികാരപരിധിയിലായിരുന്നു കതിരൂർ കച്ചേരി. മുൻസീഫ് കോടതിയായി പ്രവർത്തിച്ചിരുന്ന കച്ചേരി പിന്നീട് ചാവശ്ശേരിയിലേക്ക് മാറ്റപ്പെട്ടു. ഒരു കാലത്ത് കതിരൂരിലെ സിവിൽ കേസുകൾക്ക് തീർപ്പ് കൽപ്പിച്ചിരുന്നത് വില്ലേജ് കോടതിയിൽ നിന്നായിരുന്നു.

അയിത്തം തുടങ്ങിയ സാമൂഹ്യ അനാചാരങ്ങൾ കതിരൂരിൽ ഒരു കാലത്ത് കൊടികുത്തിവാണിരുന്നു. ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിലുണ്ടായ സാമൂഹ്യ നവോത്ഥാനത്തിന്റെ പ്രതിഫലനം കതിരൂരിലുമുണ്ടായി. ജീർണ്ണിച്ച സാമൂഹ്യവ്യവസ്ഥിതിക്കെതിരെയുള്ള വെല്ലുവിളി എന്ന നിലയിൽ , സവർണ്ണരുടെ ഭീഷണി വകവെക്കാതെ, വൈ എ ചാത്തുകുട്ടി മാസ്റ്ററുടെ (ചൊയ്യാടം) നേതൃത്വത്തിൽ ഏതാനും പേർ ശ്രീ സൂര്യനാരായണക്ഷേത്രച്ചിറയിൽ കുളിച്ച സംഭവം നാട്ടിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

അവർണ്ണർക്കിടയിലും ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്നു. ഇതിനെതിരെയും ചെറുത്തു നിൽപ്പുണ്ടായി. പുല്യോട് ശ്രീ കൂർമ്പക്കാവിലേക്കുള്ള അടിയറയിൽ പുലയ വിഭാഗത്തിൽപ്പെട്ടവരെ പങ്കെടുപ്പിച്ച് പ്രദർശനം നടത്തി. വടവതി രാമചന്ദ്രൻ മാസ്റ്റർ, കാരായി കൃഷ്ണൻ എ. കെ. കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരായിരുന്നു ഇതിനു നേതൃത്വം നൽകിയത്. 1920 നു ശേഷം സ്വാതന്ത്ര്യസമരത്തിന്റെ അലകളും കോൺഗ്രസ്സ് പ്രസ്ഥാനവും ഇവിടെയും ഉണ്ടായി. സൈമൺ കമ്മീഷൻ ബഹിഷ്കരണം, ഉപ്പു സത്യാഗ്രഹം, വിദേശ വസ്ത്ര ബഹിഷ്കരണം, കള്ളുഷാപ്പ് പിക്കറ്റിംഗ്, ഹിന്ദി പ്രചാരണം എന്നിവയിലെല്ലാം കതിരൂർ നിവാസികൾ ആവേശപൂർവ്വം പങ്കെടുത്തിട്ടുണ്ട്.

ഗാന്ധിജിയുടെ ദണ്ഡിയാത്രയുടെ ഭാഗമായി പയ്യന്നൂരിൽ നടന്ന ഉപ്പുസത്യാഗ്രഹത്തിൽ കതിരൂരിലെ പുല്യോട് നിവാസിയായ ഗോവിന്ദൻ നമ്പൂതിരി പങ്കെടുത്തിരുന്നു. സി. ആർ രാമക്കുറുപ്പ്, പി. കെ. കേശവൻ നായർ, കെ. എൻ ചാത്തുകുട്ടി നായർ, കാരായി കൃഷ്ണൻ, വടവതി രാമചന്ദ്രൻ മാസ്റ്റർ, കെ. ചാത്തുകുട്ടി നായർ തുടങ്ങിയവർ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലെ മുന്നണി പോരാളികളായിരുന്നു.

1930 കാലങ്ങളിൽ പി. കൃഷ്ണപിള്ള, ഇ. എം. എസ്, എ. കെ. ജി, എൽ. എസ് പ്രഭു തുടങ്ങിയ നേതാക്കളുടെ നിരന്തരമായ സന്ദർശനവും സമ്പർക്കവുംകൊണ്ട് കതിരൂരിലെ രാഷ്ട്രീയ രംഗം ചലനാത്മകമായി. വിഷ്ണുഭാരതീയൻ, സി. എച്ച്. കണാരൻ, കെ. എ. കേരളീയൻ, മൊയാരത്ത് ശങ്കരൻ, ആനന്ദതീർത്ഥൻ തുടങ്ങിയവരും കതിരൂരിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. സി. ആർ രാമക്കുറുപ്പിന്റെ വീട് സ്വാതന്ത്ര്യ പോരാളികളുടെ ഇടത്താവളമായിരുന്നു. കെ. എൻ ചാത്തുകുട്ടി നായർ കതിരൂരിൽ നടത്തിയിരുന്ന നാഷണൽ ഹോട്ടൽ കോൺഗ്രസ്സ് പ്രവർത്തകരുടെ അടയകേന്ദ്രമായിരുന്നു. 1936 ൽ കോട്ടയം താലൂക്ക് കോൺഗ്രസ്സ് സമ്മേളനം നടന്നത് കതിരൂർ വയലിലായിരുന്നു. കെ. കെ. കുഞ്ഞിക്കണ്ണൻ അടി യോടി, കെ. വി മദനൻ മേസ്ത്രി, മണക്കാടൻ ദാമു മാസ്റ്റർ, കെ. എൻ. ചാത്തുകുട്ടി നായർ, സി. ആർ. ഗോവിന്ദക്കുറുപ്പ് വടവതി ഭരതൻ, വടവതി രാമചന്ദ്രൻ മാസ്റ്റർ, കെ. ചാത്തുകുട്ടി നായർ തുടങ്ങിയ കതിരൂരിലെ പ്രമുഖ നേതാക്കൾക്ക് മാത്രമല്ല കോട്ടയം താലൂക്കിലാകെ ദേശീയപ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പണിയുവാൻ ഈ സമ്മേളനം നിമിത്തമായി.

സ്വാതന്ത്ര്യസമര പരിപാടികളിൽ കതിരൂർ ഹൈസ്കൂളിലെ വിദ്യാർത്ഥികളും തങ്ങളുടെ പങ്ക് വഹിക്കുകയുണ്ടായി. എം. പി ഗോവിന്ദൻ, തായാട്ട് ശങ്കരൻ, ഒ. ജി. ബാലഗോപാലൻ, എം. സി. വി. ഭട്ടതിരിപ്പാട് തുടങ്ങിയ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ക്ലാസ്സുകൾ ബഹിഷ്കരിച്ചുകൊണ്ട് പ്രകടനങ്ങളും സ്ക്വാഡ് പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. കതിരൂർ ഹൈസ്കൂളിലെ കൊടിമരത്തിൽ യൂണിയൻ ജാക്കിന് പകരം ത്രിവർണ്ണ പതാക ഉയർത്തിക്കെട്ടുകയുണ്ടായി.

സ്വാതന്ത്ര്യ സമ്പാദനത്തിന് വേഗത കൂട്ടുന്നതിന് സഹായിച്ച 1946 ലെ നാവിക കലാപത്തിൽ പങ്കെടുത്തതിന് പിരിച്ചുവിട്ട നാവിക ഉദ്യോഗസ്ഥരായിരുന്നു കെ. കെ. ദാമോദരൻ നമ്പ്യാർ, കെ. കെ. രാഘവൻ നമ്പ്യാർ (പൊന്ന്യം) കുഞ്ഞിരാമൻ അടിയോടി (ലീലാലയം കതിരൂർ) വടകേടത്ത് അനന്തൻ നമ്പ്യാർ (പൊന്ന്യം), എം. പി കുഞ്ഞിരാമൻ (പൊന്ന്യം)കെ. എം. ഭരതൻ എന്നിവർ. 1939ൽ പിണറായിലെ പാറപ്രത്ത് നടന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണ യോഗത്തിൽ കതിരൂരിന്റെ പ്രതിനിധിയായി കെ. ചാത്തുകുട്ടി നായർ പങ്കെടുത്തു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ കതിരൂർ വില്ലേജ് കമ്മിറ്റി പ്രസിഡണ്ടായി പൊതുരംഗത്തുവന്ന അദ്ദേഹം 1940 ൽ കതിരൂരിൽ രൂപീകരിക്കപ്പെട്ട അഞ്ചംഗ കമ്മ്യൂണിസ്റ്റ് പാർട്ടി സെല്ലിൽ അംഗമായി. കെ. വി. മദനൻ മേസ്ത്രി, മടപ്പള്ളി കൃഷ്ണൻ മാസ്റ്റർ, സി. എ അച്യുതൻ, വടവതി ഭരതൻ മാസ്റ്റർ എന്നിവരായിരുന്നു മറ്റംഗങ്ങൾ. കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ടിരുന്ന കാലത്ത് ഒളിവിലിരുന്ന നേതാക്കൾക്ക് ഷെൽട്ടർ കണ്ടെത്തുന്നതിനും ലഘുലേഖകൾ വിവിധ കേന്ദ്രങ്ങളിൽ എത്തിക്കേണ്ട ചുമതലയും കെ. ചാത്തുകുട്ടി നായർക്കായിരുന്നു. കതിരൂരിലെ ജനങ്ങൾ സഖാവ് എന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന കെ. ചാത്തുകുട്ടി നായർ പിന്നീട് കതിരൂർ പഞ്ചായത്ത് പ്രസിഡണ്ടായി. ഗുണ്ടകളിൽ നിന്നും ഭീകര മർദ്ദനം ഏൽക്കേണ്ടി വന്ന പാർട്ടി പ്രവർത്തകനായിരുന്നു കതിരൂരിലെ വി. പി. രാഘവമാരാർ. പ്രശസ്ത വിഷഹാരിയായ ഉച്ചമ്പള്ളി ശങ്കരൻ ഗുരുക്കൾ കതിരൂരിലെ ആരാധകനായ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലത്തുണ്ടായ ക്ഷാമക്ഷാമത്തെ തുടർന്ന് നാട്ടിലെമ്പാടും കോളറ പടർന്ന് പിടിച്ചപ്പോൾ ശുചീകരണം, ശവമടക്ക് ചെയ്യൽ, രോഗികളെ ശുശ്രൂഷിക്കൽ, തുടങ്ങിയ സേവന പ്രവർത്തനങ്ങൾക്ക് ഇറങ്ങിയത് കമ്മ്യൂണിസ്റ്റ് പ്രവർത്തകരായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകാരുടെ കോളറ സ്ക്വാഡുമായി സഹകരിച്ച് കോൺഗ്രസ്സ് പ്രവർത്തകനായിരുന്നു കാരായി കൃഷ്ണൻ. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരുടെ ഇത്തരം സേവന പ്രവർത്തനങ്ങൾ ജനങ്ങളിൽ വലിയൊരു മതിപ്പ് ഉളവാക്കിയിരുന്നു.

രാഷ്ട്രീയ രംഗത്ത് ഏറെ വിവാദം സൃഷ്ടിച്ച ഗംഗാധരമാരാർ നല്ല വാഗ്മിയും പണ്ഡിതനുമായിരുന്നു. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹത്തെ റെയിൽവേയിൽ നടന്ന സമരത്തെ തുടർന്ന് കമ്മ്യൂണിറ്റുകാരനെന്ന് മുദ്രകുത്തി ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. ജീവിതാവസാനംവരെ അദ്ദേഹം ഗവ ആശുപത്രിയിലെ രോഗികൾക്ക് ആശ്വാസ പ്രവർത്തനത്തിൽ മുഴുകുകയായിരുന്നു. ഒസ്യത്ത് പ്രകാരം തന്റെ ശവശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനത്തിനായി നൽകുകയും ചെയ്തു.

ചൊക്ലി

ഊരാച്ചേരി ഗുരുനാഥന്മാർ , മൊയാരത്ത് ശങ്കരൻ, ഇ. കെ. ജാനകിയമ്മാൾ തുടങ്ങി ഒട്ടനേകം പ്രഗത്ഭരുടെയും പ്രശസ്തരുടെയും ജന്മഭൂമിയും കർമ്മ ഭൂമിയുമായിരുന്നു ചൊക്ലി. മയ്യഴിപ്പുഴ അതിരിട്ടു നിൽക്കുന്ന തുളുവർ കുന്നും കോട്ടാലകുന്നും കാട്ടിക്കുന്നും ചുവന്ന കുന്നും തല ഉയർത്തി നിൽക്കുന്ന, പാലാഴിതോട് നിറഞ്ഞനുഗ്രഹിക്കുന്ന, കണ്ടലും പന്നലും അതിറാണിയും പൂക്കുന്ന പച്ചപ്പങ്ങും മാനത്തു കണ്ണിയും ചിറ്റാകൊമ്പനും പൂക്കൊമ്പനും പുളയ്ക്കുന്ന ഹരിത മനോഹരമായ ജൈവവൈവിധ്യത്തിന്റെ കലവറയാണ് ചൊക്ലി. അരനൂറ്റാണ്ടുമുമ്പ് ഏഷ്യയിലെ ഏറ്റവും വലിയ ചുരൽ വ്യവസായ കേന്ദ്രം എന്ന ബഹുമതിയുടെ അഹങ്കാരവുമുണ്ടായിരുന്നു. ചകിരി, നെയ്ത്ത്, ബീഡി എന്നീ പരമ്പരാഗത വ്യവസായങ്ങളുടെയും കേന്ദ്രം ആയിരുന്നു. കളരി ഗുരുക്കന്മാരുടെയും പൂരക്കളി ആശാന്മാരുടെയും നാട്. സാഹിത്യ നായകന്മാരും സാംസ്കാരിക സദസ്സുമുണ്ടായിരുന്ന നാട്. ചിരപുരാതന സംസ്കൃതി ഉണ്ടായിരുന്ന നാട്. ചൊക്ലി.

കോട്ടയം രാജാവായിരുന്ന പഴശ്ശിയുടെ അധീനതയിലായിരുന്നു ഇന്ന് ചൊക്ലി പഞ്ചായത്ത് ഉൾക്കൊള്ളുന്ന പ്രദേശം മുഴുവനും. ബ്രിട്ടീഷുകാർ ആധിപത്യം സ്ഥാപിച്ചതോടെ 1800 മെയ് 21 മുതൽ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായുള്ള മലബാർ ജില്ലയിൽ കോട്ടയം താലൂക്കിൽപ്പെട്ട പ്രദേശമായി. അന്നത്തെ മലബാർ ജില്ലക്ക് 10 താലൂക്കുകളാണുണ്ടായിരുന്നത്. ചിരക്കൽ, കോട്ടയം, കുറുമ്പ്രനാട്, കോഴിക്കോട്, വയനാട്, ഏറനാട്, വള്ളുവനാട്, പാലക്കാട്, പൊന്നാനി, കൊച്ചി (ഫോർട്ട് കൊച്ചി) എന്നിവ.

മൈസൂർ വ്യാഘ്രം ടിപ്പുസുൽത്താൻ ഈ പ്രദേശത്തെ അധീനതയിലാക്കിയതായി പറയപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ചൊക്ലി പഞ്ചായത്തിലെ പ്രധാന പട്ടണമായ ചൊക്ലിക്ക് ഈ പേര് വന്നത് എന്നനുമാനിക്കേണ്ടിയിരിക്കുന്നു. ആക്രമിച്ചു കീഴടക്കിയ ഗ്രാമങ്ങളുടെ അതിർത്തി (ഗ്രാമത്തിയിൽ) ചവുകികൾ സ്ഥാപിക്കുകയുണ്ടായി. ഹള്ളി എന്ന പദത്തിന് കർണ്ണാടകത്തിൽ ഗ്രാമം എന്നാണർത്ഥം. ചവുകിയുള്ള എന്ന വിഗ്രഹാർത്ഥത്തിൽ ചവുകി ഹള്ളി എന്ന് വിളിച്ചുവരുകയും ക്രമേണ ലോപിച്ച് ചൊക്ലിയാവുകയും ചെയ്തു എന്നുകരുതാം.

തൊള്ലൂർകുന്ന് എന്ന പേരിൽ അറിയപ്പെടുന്ന തുളുവർകുന്നും പഴയ തൃക്കണ്ണാപുരം ക്ഷേത്രത്തിലെ ചെങ്ങല്ലിൽ കൊത്തിയ ശില്പങ്ങളും അതിന്റെ നമസ്കാര മണ്ഡപത്തിൽ ഉണ്ടായിരുന്ന മരത്തിൽ കൊത്തിയുണ്ടാക്കിയ പ്രകൃതിയിലെ ചായങ്ങൾ ഉപയോഗിച്ച് വർണ്ണങ്ങൾ നൽകിയ നവഗ്രഹ ശില്പങ്ങളും മയ്യഴിപ്പുഴക്ക് കുറുകെ കാട്ടിക്കുന്നിന് (ശത്രുക്കളെ കാട്ടിക്കൊടുത്ത കുന്ന്) താഴെ വേലിയിറക്കത്തിൽ നടന്നുപോകാൻ പാകത്തിലുള്ള കല്ലുകെട്ടും മയ്യഴിപ്പുഴയുടെ തീരത്തുള്ള കോട്ടാമലകുന്ന് (കോട്ടാലകുന്ന്) ക്ഷേത്രങ്ങളും എല്ലാം ചരിത്ര വിദ്യാർത്ഥികൾക്ക് ഇന്നും പഠന വിഷയമാണ്.

നിടുമ്പ്ര പ്രദേശത്തെ ഒറ്റങ്ങാടി (ഒന്നാം അങ്ങാടി) മൂന്നങ്ങാടി (മൂന്നാം അങ്ങാടി) എന്നീ രണ്ട് സ്ഥലങ്ങളും ഇവയ്ക്കിടയിൽ നിൽക്കുന്ന മനയത്ത്, ഇല്ലിക്കൽ (നാടുവാഴി) കൊട്ടാരത്ത്, അരികളം, ഇല്ലത്ത്, കുലോത്ത് (കോവിലകം), മഠത്തിൽ, മാടാടത്തിൽ (മഠാഠം), അമ്പലപ്പറമ്പ്, പൂഞ്ചവയലിനപ്പുറത്തുള്ള മനക്കരയുടെ (മനയുടെ അക്കരെ) എന്നീ സ്ഥലനാമങ്ങളും നെല്ലേരി അമ്പലം, കോട്ടാരത്തമ്പലം, നിടുമ്പ്ര അമ്പലം, പുത്തമ്പലം, കൊട്ടിയൂർ നെയ്യമൃത് സങ്കേതം, കൊട്ടിയൂർ ഇളനീർക്കാവ് സങ്കേതം എന്നീ അമ്പലങ്ങളും അവയുടെ കുളങ്ങളും ജീർണ്ണാവസ്ഥയിലുള്ള കാവുകളും ഒരു കാലഘട്ടത്തിലെ മൺമറഞ്ഞുപോയ സംസ്കൃതിയുടെ ചൂണ്ടുപലകകളാണ്.

കാവ്യരചനയിൽ വ്യുൽപ്പത്തിയുണ്ടായിരുന്നവരും നിമിഷ കവികളും ആയിരുന്ന ഊരാച്ചേരി ഗുരുനാഥന്മാരുടെ വാസം കവികളുടെ ഊര് എന്ന അർത്ഥത്തിൽ കവിയൂർ എന്ന പേരിന് നിദാനമായി.

വിശാലമായ നെൽവയലുകളുള്ള സ്ഥലമായിരുന്നു ഒളവിലം. തോടുകളും വളക്കൂറുള്ള മണ്ണും നെൽകൃഷി സമ്പുഷ്ടമാക്കി. കാറ്റിൽ ഇളകിക്കളിക്കുന്ന വയലുകൾ, ഹരിതഭംഗിയുള്ള ഓളങ്ങൾ സൃഷ്ടിച്ചു. അങ്ങനെ ഓളം വയൽ എന്ന വാക്കിൽ നിന്ന് ഒളവിലം എന്ന വാക്കുണ്ടായി എന്നാണ് ഒരു പക്ഷം. എന്നാൽ ഒളവിൽ കഴിഞ്ഞ (അളം എന്ന പദത്തിന് ഗ്രാമം എന്നർത്ഥം) എന്ന അർത്ഥത്തിൽ ഒളിവിലം എന്നും ക്രമേണ ഒൗദാസീന്യനായേന ഒളവിലം ആയി എന്നും മറ്റൊരു പക്ഷം. ഇതിന് തെളിവായി നിരത്തുന്നതാകട്ടെ ഒരു കാലത്ത് ജനവാസമില്ലാതിരുന്ന തൊള്ലൂർകുന്ന്, ചുവന്നകുന്ന് തുടങ്ങിയ കാടുകെട്ടിക്കിടന്ന കുന്നുകളും ടിപ്പുവിന്റെ ആക്രമണവും ആണ്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ചരിത്രം എഴുതിയ മൊയാരത്ത് ശങ്കരൻ തുടങ്ങി ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ മുൻനിരക്കാരായ ചിലരെ സംഭാവന ചെയ്യാൻ ഈ നാടിന് കഴിഞ്ഞിട്ടുണ്ട്. സാഹിത്യകാരനും സ്വാതന്ത്ര്യ പോരാളിയുമായിരുന്ന അദ്ദേഹം സ്വതന്ത്ര ഇന്ത്യയിലെ ജയിലിൽ കിടന്ന് മർദ്ദനമേറ്റാണ് മരിച്ചതെന്നത് കുറ്റബോധത്തോടെ ഓർക്കാനുള്ള ദുഃഖസത്യം മാത്രമാണ്.

കെ. കണാരൻ മാസ്റ്റർ, കായക്കൽ കുമാരൻ മാസ്റ്റർ, വി. സി. കുഞ്ഞിരാമൻ വൈദ്യർ, തറമ്മൽ കൃഷ്ണൻ, ടി. എൻ. കുമാരൻ മാസ്റ്റർ, സി. എം. ശങ്കരൻ മാസ്റ്റർ, വി. കുമാരൻ മാസ്റ്റർ, ആർ. വി. അച്യുതൻ മാസ്റ്റർ, സി. എച്ച്. ചോയി, കെ. പി. കെ. അനന്തൻ തുടങ്ങിയവർ സ്വാതന്ത്ര്യസമരസോനാനികളുടെ പട്ടികയിലുൾപ്പെടുന്നവരിൽ ചിലരാണ്. മാഹി വിമോചന സമരവുമായി ബന്ധപ്പെട്ട് ഐ. കെ. കുമാരൻ മാസ്റ്ററോടൊപ്പം ജയിലിൽ വാസമനുഭവിച്ച കണ്ണൻ സറാപ്പും സ്വാതന്ത്ര്യസമര പോരാളികളാണ്.

ഡോ. ബാബു രാജേന്ദ്രപ്രസാദ്, ലാൽ ബഹാദൂർ ശാസ്ത്രി, വി. വി. ഗിരി, രാജഗോപാലാചാരി, ഇന്ദിരാ ഗാന്ധി, കാമരാജനാടാർ, എ. കെ. ജി, ഇ. എം. എസ് എന്നിവർ ചൊക്ലി സന്ദർശിച്ച പ്രമുഖരിൽപ്പെടുന്നു. ഭൂസ്വത്തിന്റെ ഭൂരിഭാഗവും ഏതാനും ജന്മി കുടുംബങ്ങളുടെ കൈവശമായിരുന്നു. ജന്മിത്വത്തിനെതിരായി കേരളത്തിന്റെ മറ്റു ഭാഗങ്ങളിൽ നടന്നതുപോലെ എടുത്തുപറയത്തക്ക ചെറുത്തുനിൽപ്പുകൾ ഇവിടെയുണ്ടായിട്ടില്ലെങ്കിലും ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം ഒരു ഒറ്റപ്പെട്ട ചെറുത്തുനിൽപ്പാണ് ഇന്നത്തെ നിടുമ്പ്ര മടപ്പുരയുടെ ആവിർഭാവത്തിന് കാരണമായത്. മടപ്പുര നിൽക്കുന്ന ഒറ്റയുള്ള കണ്ടിപ്പറമ്പിൽ താമസിച്ചിരുന്ന കള്ളുചെത്തുകാരന്റെ കുടുംബത്തെ കുടിയിറക്കാൻ ജന്മി ശ്രമിച്ചപ്പോൾ അതിനെ ചെറുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മടപ്പുര സ്ഥാപിക്കപ്പെട്ടത്. ചെത്തുകാരനെ ഒഴിപ്പിച്ച് അവിടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യകമ്പനിയുടെ നികുതി പിരിവുകാരന് താമസിക്കുവാനും നികുതി പിരിവ് നടത്താനും സൗകര്യം ഏർപ്പെടുത്താൻ ജന്മി ശ്രമിച്ചപ്പോൾ അതിനെതിരെ പ്രയോഗിക്കപ്പെട്ട പദ്ധതിയുടെ ഭാഗമാണ് മടപ്പുര.

മൂതൂർ തറവാട്ടിലെ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാൻ പയ്യന്നൂരിലെ വടേശ്വരത്ത് നിന്ന് വന്ന കുമാരഗുരു താഴ്ന്ന സമുദായത്തിൽപ്പെട്ട ഊരാച്ചേരി ഗുരുനാഥന്മാരെ പഠിപ്പിക്കാൻ ശ്രമിച്ചു. അപ്പോൾ സവർണ്ണർ എതിർത്തു. എങ്കിലും വിലക്കുകളെ അതിലംഘിച്ചു കുമാരഗുരു അവർണ്ണർക്കും വിദ്യ പകർന്നു കൊടുക്കുകയുണ്ടായി. വടേശ്വരത്ത് നിന്ന് വന്ന കുമാരഗുരു താമസിച്ചത് കാരണമാണ് അന്ന് വടേശ്വരത്തുള്ള കുടുംബക്ഷേമ കേന്ദ്രം സ്ഥിതിചെയ്യുന്ന പറമ്പിന് ആ പേര് ലഭിക്കാൻ കാരണമെന്ന് പറയപ്പെടുന്നു.

പണ്ട് കാലത്ത് ചൊക്ലി അറിയപ്പെടുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നു. പാലത്തായി, തൃപ്പങ്ങോട്ടൂർ, കല്ലിക്കണ്ടി, പൊയിലൂർ, പാനൂർ തുടങ്ങിയ സ്ഥലങ്ങളിലെ ആളുകൾ കാർഷികോൽപ്പന്നങ്ങളും മലഞ്ചരക്കുകളും വിറ്റഴിക്കാൻ ചൊക്ലിയിലാണ് വന്നത്. ഏഷ്യയിലെ ഏറ്റവും വലിയ ചൂരൽ വ്യവസായ കേന്ദ്രം ഇവിടെയായിരുന്നു. പോത്തുവണ്ടികളിൽ ചൂരൽ കയറ്റിക്കൊണ്ടുപോകുകയും ചൂരൽ ഉപയോഗിച്ച് ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും ചെയ്തിരുന്നു. അറിയപ്പെടുന്ന മരം വ്യവസായകേന്ദ്രവും കൂടിയായിരുന്നു ചൊക്ലി.

പന്ന്യന്നൂർ

കേരളത്തിന്റെ സാംസ്കാരിക സാമൂഹ്യ ചരിത്രം പരിശോധിക്കുമ്പോൾ മധ്യകാലഘട്ടത്തിൽ കണ്ണൂർ ജില്ല കേരള ചരിത്രത്തെ സമ്പന്നമാക്കിയ സംഭവ പരമ്പരകളുടെ വിളനിലമാണെന്ന് കാണാം. പ്രാചീന കാലത്ത് മൂഷകവംശ രാജാക്കന്മാരും ചിരക്കൽ രാജവംശവും (കോലത്തിരി) മുസ്ലീം രാജവംശമായ അറക്കൽ കുടുംബവും ഇവിടെ ഭരണം നടത്തി. പിന്നീട് മൈസൂർ സുൽത്താന്മാരും ഫ്രഞ്ചുകാരും, ബ്രിട്ടീഷുകാരും വിവിധ കാലങ്ങളിൽ ഇവിടെ ആധിപത്യം പുലർത്തിപ്പോന്നു. കോട്ടയം രാജവംശത്തിന്റെ അധീനപ്രദേശമായിരുന്നു പന്ന്യന്നൂർ പഞ്ചായത്തും പരിസരങ്ങളും ഉൾക്കൊള്ളുന്ന ഇരുവെനാട്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലഘട്ടത്തിൽ പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും നാലുവീട്ടിൽ നമ്പ്യാന്മാരുടെ അധീനതയിലായിരുന്നു. ചന്ത്രോത്ത്, കാസ്രത്ത്, കുന്നുമ്മൽ, കിഴിക്കേടത്ത്, എന്നീ നാല് കുടുംബക്കാർ കൊല്ലം കൊലയുമായി ഈ പ്രദേശം ഭരിച്ചു വന്നു. എന്നാൽ ഇവരിൽ ചന്ത്രോത്ത് നാട്ടുവാഴി കുടുംബം തങ്ങളുടെ കുടിയാന്മാരോട് താരതമ്യേന മാന്യമായി പെരുമാറി എന്ന് പറയപ്പെടുന്നു. ഇവരെ കൂടാതെ കീരാൽ കുലോത്ത്, കോട്ടക്കുന്നുമ്മൽ, മനയിൽ, ഈഴിക്കൽ മുതലായ പ്രമാണി കുടുംബങ്ങളുടെ അധീനതയിലും കുറച്ചു പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഇടക്കാലത്ത് ചാത്തോത്ത് ഉസ്മാനും ജന്മിനാട്ടുവാഴി വ്യവസ്ഥയുടെ ഭാഗമായി ഉയർന്നുവന്നു. വടക്കെ മലബാറിന്റെ പൊതുവായ ജാതി വ്യവസ്ഥ രീതികളും ആചാരക്രമങ്ങളും തന്നെയാണ് ഈ പ്രദേശത്തും പണ്ടുകാലങ്ങളിൽ നിലനിന്നിരുന്നത്. നായർ, തീയ്യർ എന്നീ രണ്ട് പ്രഗത്ഭ സമുദായക്കാരായിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും. ഇവരോടൊപ്പം മറ്റ് സമുദായങ്ങളായ കാവുതീയ, വാണിയ, വണ്ണത്താൻ, മലയ, കണിയാൻ, കുശവൻ, ശാലിയ, പരവൻ, ആശാരി, കൊല്ലൻ മുതലായ ജാതിവിഭാഗങ്ങളിൽപെട്ടവരും മുസ്ലീങ്ങളും ഉണ്ടായിരുന്നു.

ജാതിപരമായ ഉച്ചനീചത്വങ്ങളും സാമൂഹ്യാചാരങ്ങളും കർശനമായി പാലിക്കപ്പെട്ടിരുന്നു. എങ്കിലും പ്രതിഭകളെ ജാതിനോക്കാതെ ആദരിച്ചിരുന്നു. ഉയർന്ന ജാതിക്കാരെല്ലെങ്കിലും പാലിൽ ചാത്തുകുരുക്കൾ, രാമർ ഗുരുക്കൾ, വെള്ളോത്ത് കണ്ണൻ ഗുരുക്കൾ മുതലായ ഗുരുജനങ്ങൾക്ക് ഇതിനുദാഹരണമാണ്.

നമ്പ്യാന്മാരും നായന്മാരുമായിരുന്നു പ്രധാന ജന്മികൾ. ചുരുക്കം ചില തീയ്യർക്ക് സ്വന്തമായി ഭൂമി ഉണ്ടായിരുന്നു എങ്കിലും ഇവർക്ക് കുടിയാന്മാരില്ലായിരുന്നു. ജന്മി കുടിയാൻ സംഘടനകൾ ഉണ്ടായതായി ചരിത്രരേഖകൾ ഇല്ല. ഇതേ കാലഘട്ടത്തിൽ ഏതാനും മുസ്ലീം കുടുംബങ്ങൾ പഞ്ചായത്തിലുണ്ടായിരുന്നു. അക്കാലത്തും മതപരമായ സൗഹാർദ്ദം നിലനിന്നിരുന്നു എന്നത് സ്മരണീയമാണ്.

എല്ലാ സമുദായങ്ങളിലും തനതായ ആചാരങ്ങൾ നിലനിന്നിരുന്നു. പ്രബല സമുദായങ്ങളിൽ മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്നപ്പോൾ മുസ്ലീം, ആശാരി, കുശവ സമുദായങ്ങൾ മക്കത്തായ സമ്പ്രദായമാണ് പാലിച്ചുപോന്നത്. തൊട്ടുകൂടായ്മ, തീണ്ടൽ, വാലായ്മ, പുല, മാറ്റ്, പലവിധ ഭ്രഷ്ട് എന്നിവ കാലത്ത് നിലനിന്നിരുന്നു. നായർ തറവാട്ടിലെ കാരണവർ മരിച്ചാൽ ഭാര്യയെയും മക്കളെയും ഇറക്കിവിടുന്ന പടികത്തൽ എന്ന ആചാരം നിലനിന്നിരുന്നു.

നായർ, തീയ്യ സമുദായങ്ങൾക്കിടയിൽ തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നിങ്ങനെയുള്ള ആചാരങ്ങൾ നിലനിന്നിരുന്നപ്പോൾതന്നെ തീയ്യരും മറ്റു ചില സമുദായക്കാർ തമ്മിലും ഇത്തരം ആചാരങ്ങൾ ശക്തമായിത്തന്നെ ആചരിച്ചുവന്നു. മുസ്ലീങ്ങളും മറ്റു സമുദായക്കാർ തമ്മിലും ഇതേ നില പിന്തുടർന്നിരുന്നു. കാവുകളിൽ തെയ്യം മുതലായ അനുഷ്ഠാന ചടങ്ങുകളിൽ വിവിധ സമുദായങ്ങൾ ഒത്തുചേർന്നപ്പോൾ, ക്ഷേത്രങ്ങളിൽ കീഴ്ജാതിക്കാർക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. എങ്കിലും തീയ്യസമുദായക്കാരുടെ അടിയറ പോയ ക്ഷേത്രനടവരെ പോയി സമർപ്പിക്കാറുണ്ട്.

ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളിൽ ജന്മിമാർക്ക് കുല, നെല്ല്, നെയ് മുതലായവ കുടിയാന്മാർ കാണിക്കവെച്ചിരുന്നു. കുടിയാന് ഭൂമി പാരിതോഷികമായും, അന്തസ്സ് നിലനിർത്തുന്ന ഉപാധിയായി ചാർത്ത് കൊടുക്കലും അപ്രീതിക്ക് പാത്രമാകുന്ന കുടിയാന്റെ ഭൂമി മേൽ ചാർത്ത് കൊടുക്കുന്ന രീതിയും അന്ന് പ്രചാരത്തിലുണ്ടായിരുന്നു. എല്ലാ സമുദായങ്ങളിലും ചുരുക്കം ഉൽപ്പത്തിഷ്ണുക്കൾ ഉണ്ടായിരുന്നതുകൊണ്ട് സാമൂഹിക ആചാരങ്ങൾ പാലിക്കണമെന്ന നിഷ്കർഷ ഉണ്ടായിരുന്നില്ല. ഇതോടൊപ്പം നമ്പൂതിരി കുടുംബങ്ങൾ ഇവിടെ ഇല്ലായിരുന്നു എന്നതും ഇതിനൊരു കാരണമാകാം.

ദേശീയ പ്രസ്ഥാനം

ദേശീയ പ്രസ്ഥാനത്തിന് വേരോട്ടമുണ്ടായിരുന്ന മണ്ണാണിത്. 1937 ൽ പന്ന്യന്നൂർ അരയാക്കൂൾ സ്കൂളിൽ വെച്ച് ചേർന്ന മലബാർ കോൺഗ്രസ്സ് രാഷ്ട്രീയ സമ്മേളനം ഒരു പ്രധാന സംഭവമായിരുന്നു. ദിനകർമേത്ത, എ. കെ. ജി, ഇ. എം. എസ്, സി. എച്ച് കണാരൻ എന്നീ പ്രമുഖ കോൺഗ്രസ്സ് നേതാക്കൾ പങ്കെടുത്തു. തറമ്മൽ കൃഷ്ണൻ അധ്യക്ഷനായിരുന്നു. ഇതോടനുബന്ധിച്ച് നടന്ന മിശ്രഭോജനം, സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. ഇക്കാലത്ത് കോട്ടയം താലൂക്കിലെ കോൺഗ്രസ്സ് നേതാവായിരുന്നു ടി. എൻ. ഗോവിന്ദൻ അടിയോടി. അക്കാലത്ത് കോൺഗ്രസ്സിന്റെ മഹിളാ വിഭാഗം പ്രവർത്തകരായിരുന്നു അരയാക്കൂൾ സ്കൂളിലെ അച്ചായി ടീച്ചറും നാരായണി ടീച്ചറും. 1938 ൽ ടി. എൻ. ഗോവിന്ദൻ അടിയോടിയും നാരായണി ടീച്ചറും തമ്മിലുള്ള മിശ്രവിവാഹം സാമൂഹ്യ ചലനത്തിന് നാന്ദി കുറിച്ചു. ഇ. എം. എസ് അടക്കം 600 ഓളം കോൺഗ്രസ്സ് പ്രവർത്തകർ പങ്കെടുത്ത ഈ വിവാഹത്തിന്റെ മുഖ്യ കാർമ്മികൻ വി. ടി. ഭട്ടതിരിപ്പാടായിരുന്നു.

അക്കാലത്ത് ഇവിടെ പ്രവർത്തിച്ചിരുന്ന കോൺഗ്രസ്സ് പ്രവർത്തകരിൽ ഭൂരിഭാഗം പേരും 1939 ൽ സ്ഥാപിച്ച് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രവർത്തകരായി. തുടർന്ന് 1942 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിലവിൽ വന്നതോടെ മൊയാരത്ത് ശങ്കരന്റെ നേതൃത്വത്തിൽ ഭൂരിഭാഗം കോൺഗ്രസ്സ് സോഷ്യലിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരായി മാറി.

1946 ൽ കൊപ്പരക്കളം (ഇന്നത്തെ കാവിലേരി താഴെകുനി) നടന്ന മലബാർ വിലനിയന്ത്രണ സമ്മേളനം മറ്റൊരു മഹാ സംഭവമായിരുന്നു. ഈ സമ്മേളനത്തിൽ സി.എച്ച്. കണാരൻ, കൃഷ്ണപിള്ള, സർദാർ ചന്ദ്രോത്ത്, ഇമ്പിചിബാവ, എം. കെ കേളു (കേളു ഏട്ടൻ) എന്നിവർ പങ്കടുത്തിരുന്നു. ഈ ഘട്ടത്തിൽ രാഷ്ട്രീയ നേതൃത്വത്തിലേക്ക് ഉയർന്നുവന്ന കെ. സി. കെ. അടിയോടി, കെ. കെ. ജി അടിയോടി കാവിലേരി കുമാരൻ, തില്ലങ്കേരി സമരസേനാനി കെ. വി. ചാത്തുമാസ്റ്റർ, മുണ്ടങ്ങോടൻ ഗോപാലൻ മേസ്ത്രി, സി. പി. ചാത്തുകുട്ടി, ആണ്ടി മാസ്റ്റർ, കൂറ്റിയീൽ ശങ്കരൻ മാസ്റ്റർ, പി. വി. കുഞ്ഞിരാമൻ, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന സി. എച്ച്. കുട്ടാപ്പു നമ്പ്യാർ എന്നിവർ എടുത്തുപറയേണ്ട വ്യക്തിത്വങ്ങളാണ്. പ്രമുഖ ജോത്സ്യനും ഇന്നത്തെ ചോതാവൂർ ഹയർസെക്കണ്ടറി സ്കൂൾ മാനേജരുമായിരുന്ന ബാല ഗോപാലൻ മാസ്റ്റർ, പ്രശസ്ത തെയ്യം കലാകാരനായിരുന്ന ചോതാവൂർ കുഞ്ഞമ്പുട്ടി പണിക്കർ, ചോതാപ്പ്, രാഷ്ട്രീയ സാമൂഹ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന ചമ്പാടെ പി. പി. കുഞ്ഞിക്കണ്ണൻ, പഞ്ചായത്തംഗവും എം. എൽ. എ യും അധ്യാപക പ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന കെ. പി. മമ്മു മാസ്റ്റർ തായാട്ട് ശങ്കരൻ, കെ. പാനൂർ, കെ. തായാട്ട്, എം. വി. ദേവൻ, ശ്രീധരൻ ചമ്പാട്, പന്ന്യന്നൂർ ഭാസി, പ്രേമാനന്ദ് ചമ്പാട് തുടങ്ങിയവർ സാംസ്കാരിക മേഖലയിൽ പന്ന്യന്നൂർ സംഭാവന ചെയ്ത പ്രഗത്ഭരാണ്..

മൊകേരി

കോലത്തുനാടിന്റെ ഭാഗമായിരുന്ന കോട്ടയം (കൊറ്റ്യാട്ട്) രാജവംശത്തിലെ ഇരുവയതിനാട്ടിൽപെട്ട പാനൂർ അംശത്തിലെ കടേപ്രം ദേശവും വള്ളയായി ദേശവും ചേർന്നതാണ് ഇന്നത്തെ മൊകേരി. ലോഗന്റെ മലബാർ മാനുവൽ, പാനൂർ, പന്ന്യന്നൂർ, പുത്തൂർ, പെരിങ്ങളം, തൃപ്പങ്ങോട്ടൂർ, കരിയാട് ഈ അംശങ്ങൾ അടങ്ങിയതാണ് ഇരുവയി നാട്. വളരെ വർഷങ്ങൾക്ക് മുമ്പ് മൊകേരിയുടെ മിക്കവാറും പ്രദേശങ്ങൾ വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളായിരുന്നു. ഇത്തരം പ്രദേശങ്ങളെ തമിഴിൽ ഏരി എന്നാണ് വിളിച്ചിരുന്നത്. മീൻപിടുത്തം തൊഴിലാക്കിയ മൊകയന്മാർ ഈ ഏരി പ്രദേശത്ത് അധിവസിച്ചതുകൊണ്ട് മൊകയൻ മാരുടെ ഏരി എന്നുമവിളിച്ചുപോന്നു. അതേ സമയത്ത് ഏരി യൂടെ മുഖമായതിനാൽ മുഖയേരി എന്ന പദം ലോപിച്ച് മൊകേരി ആയി എന്നുമുള്ള വാദഗതികളുമുണ്ട്.

1845 ൽ ദിവാൻ ബഹദൂർ ഇ. കെ. കൃഷ്ണൻ (വള്ളയായിലെ അരുണ്ട തറവാട്ടിലെ അംഗമായിരുന്നു). വില്ല്യം ലോഗനുമായി എഴുത്തുകുത്തുകൾ നടത്തിയതായി രേഖകളുണ്ട്. അദ്ദേഹത്തിന്റെ മകൻ റാവു ബഹദൂർ ഇ. കെ. ഗോവിന്ദൻ, പുതുക്കോട്ടക്കാരൻ ദിവാനായിരുന്നു. പ്രശസ്ത സാഹിത്യകാരൻ കെ. സുകുമാരൻ, ബി. എ. ഈ തറവാട്ടിലെ അംഗമായിരുന്നു. സിങ്കപ്പൂർ മുൻ പ്രസിഡണ്ടായിരുന്ന ശ്രീ. ഇ. വി ദേവൻ നായർ കുരാറ ഇല്ലത്തെ അംഗമായിരുന്നു.

മഹാവൈദ്യന്മാരായിരുന്ന തെക്കൻ കുഞ്ഞിരാമൻ വൈദ്യർ, ചെകിടൻ കുഞ്ഞിക്കണ്ണൻ വൈദ്യർ, തെക്കയിൽ കൃഷ്ണൻ വൈദ്യർ, ആരുണ്ടയിൽ കുഞ്ഞിക്കുട്ടി വൈദ്യർ, ഗോപാലൻ എന്നിവർ ആരോഗ്യ മേഖലയിലെ മായാത്ത നാമധേയങ്ങളാണ്.

 

ഏറെ പഴയകാലത്ത് മൊകേരിയിലേക്ക് കുടകിൽ നിന്നും പൂണൂൽ അണിഞ്ഞ വൈശ്യജാതിക്കാരായ കച്ചവട സംഘങ്ങൾ കുതിരകളുടെയും കോവർ കഴുതകളുടെയും പുറത്ത് കച്ചവട സാധനങ്ങളുമായി വരിക പതിവുണ്ടായിരുന്നു. അവർ കൂത്തുപറമ്പ്, കോട്ടയം ശിവക്ഷേത്രം, പൂക്കോട്, മൊകേരിയിലെ കടേപ്രം എന്നിവിടങ്ങളിൽ കച്ചവട കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. കടേപ്രത്തിന്റെ പഴയകാല നാമധേയം കടവിനപ്പുറം എന്നായിരുന്നു. കടവ് കടന്നുപോകുന്ന സ്ഥലം എന്ന് സാരം. ഈ കച്ചവട സംഘങ്ങളെ ദാവാരികൾ എന്നാണ് വിളിച്ചിരുന്നത്. പഴയ തലമുറയിൽ പെട്ടവർ ഇന്നത്തെ കടേപ്രം തെരുവിനെ ദാവാരി എന്ന് വിളിച്ചുകേൾക്കാറുണ്ട്. നെല്ല്, കാപ്പി, ഇഞ്ചി തുടങ്ങിയ ധാരാളം വിപണന വസ്തുക്കൾ ഇവർ കൊണ്ടുവന്നിരുന്നത്രെ.

വള്ളയായി ദേശത്ത് ആറങ്ങാട്ട് എന്ന സ്ഥലത്തിന്റെ പഴയ ഓർമ്മയിൽ ആറാട്ട് നടന്ന സ്ഥലം എന്നാണത്രെ. വള്ളയായി എന്ന ഗ്രാമനാമത്തിന്റെ ഉൽപ്പത്തിയെ കുറിച്ച് ചില രേഖകളിൽ സമൃദ്ധമായി കുരുമുളക് കൃഷി ചെയ്ത സ്ഥലം എന്ന് കാണുന്നു. കുരുമുളക് വള്ളികളുടെ ഗ്രാമം വള്ളയായി എന്ന് രൂപപ്പെട്ടതാവാം എന്ന് കരുതുന്നു.

പഴയകാലത്ത് കോട്ടയം രാജവംശത്തിലുള്ളവർ പനോളി തറവാട്ടിലേക്ക് യാത്ര ചെയ്തിരുന്ന പ്രധാന സഞ്ചാരപഥമായിരുന്നു ഇന്നത്തെ കൂത്തുപറമ്പ്- പാനൂർ റോഡ്. പാലേന്റെ കീഴിലെ പീടിക, മൂത്താരിപീടിക, മാക്കൂർപീടിക, തങ്ങൾപീടിക എന്നീ സ്ഥലങ്ങൾ കച്ചവട കേന്ദ്രങ്ങളായിരുന്നു.

ഈസ്റ്റ് വള്ളയായി മരപ്പാലത്തിനും കിഴക്ക് ചെറുവാഞ്ചേരിക്കപ്പുറത്തുനിന്നും ഉദ്ഭവിക്കുന്ന പുഴ ഇന്നത്തെ പാട്യം മൊകേരി അതിർത്തിയിലൂടെ ഒഴുകുന്നു. ഇതിന് പാത്തിപ്പുഴ എന്നും പിന്നെയും പടിഞ്ഞാറോട്ടൊഴുകുമ്പോൾ ചാടാലപ്പുഴ എന്നും വിളിച്ചിരുന്നു. വളരെപണ്ട് അമ്പലച്ചാടാല എന്നായിരുന്നു അവിടുത്തെ സ്ഥലനാമം. അവിടെ പഴയ ഒരു ക്ഷേത്ര അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. ചില ബ്രാഹ്മണ കുടുംബങ്ങളും അവരുടെ ആശ്രിതരായ കുടുംബങ്ങളും താമസിച്ചുവന്ന പറമ്പുകളുടെ പേരുകൾ അത്തരം വിശ്വാസങ്ങളെ സാധൂകരിക്കുന്നുണ്ട്. അമ്പല ചുവട്ടിലൂടെ ഒഴുകിയ പുഴയെ അമ്പലച്ചാടാല എന്ന് വിളിച്ചുവന്നിരിക്കാം. ഇന്നത്തെ മൊകേരി വയൽ പ്രദേശം എന്നത് പണ്ട് വിശാലമായി ഒഴുകിയ ഒരു പുഴയുടെ വറ്റി വരണ്ട അവശേഷിപ്പാണ് ഈ വയലിന്റെ മധ്യഭാഗത്തായി ഒരു മാവുണ്ടായിരുന്നു. കിഴക്കുനിന്നും പടിഞ്ഞാറ് നിന്നും തെക്കുനിന്നും വടക്കുനിന്നും നോക്കിയാൽ ദിശമനസ്സിലാക്കാൻ കാവലാളായി നിന്ന മൊകേരി മാവ് പഴയ മനസ്സിലെ ഓർമ്മകളിൽ മായാത്ത കുളിർ നിഴലായി നിൽക്കുന്നു. ഈ മാവിനെ പറ്റി പലതരം കഥകളും പറഞ്ഞുകേട്ടിരുന്നു.

മൊകേരിയിലെ ജനവിഭാഗങ്ങളിൽ ഭൂരിപക്ഷം ഹിന്ദുക്കളാണ്. മറ്റ് മതക്കാർ മുസ്ലീങ്ങളും. ഹിന്ദുക്കളിൽ തീയ്യരാണ് ബഹുഭൂരിപക്ഷം. ശാലിയർ, നായർ, വാണിയർ, തട്ടാൻ, കൊല്ലൻ, വണ്ണാൻ, മലയൻ, പെരുവണ്ണാൻ, വേലൻ, കാവുതിയ്യൻ, വെളുത്തേടത്ത് നായർ എന്നിവരുമുണ്ട്.

ഭൂപരിഷ്കരണത്തിന് മുൻപ് ഭൂമിയുടെ മിക്കവാറും ജന്മാവകാശം ഉയർന്ന ജാതിക്കാരിലും മുസ്ലീം പ്രമാണിമാരിലുമായിരുന്നു. തീയ്യ ജാതിയിൽ പെട്ട ഏതാനും ജന്മിമാരുടെ കയ്യിലും ഭൂമി നിക്ഷിപ്തമായിരുന്നു. ആ കാലത്ത് സാമൂഹ്യ- സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ വളരെ പരിതാപകരമായ അവസ്ഥയായിരുന്നു. പിന്നാക്ക വിഭാഗങ്ങളുടെ ജീവിതം അതീവ ദുസ്സഹമായിരുന്നു.

കെ. എം. കരുണൻ, കെ. എം കൃഷ്ണൻ മാസ്റ്റർ, ഐ. വി ദാസ്, പുരുഷു പീടികയിൽ, കവുങ്ങും വെള്ളി ഗോപാലൻ, പാലോളി ദാമു തുടങ്ങിയവർ പൊതു ജനാധിപത്യ പ്രസ്ഥാനങ്ങളുടെ നേതാക്കളാരായിരുന്നു.