പൌരാവകാശ രേഖ

 

പൗരാവകാശ രേഖ

ആമുഖം

ആധുനിക ജനാധിപത്യ സമൂഹത്തിൽ ഉത്കൃഷ്ടവും ഗുണമേന്മയുള്ളതും പ്രതിജനാബദ്ധവും സുതാര്യവുമായ ഒരു ഭരണക്രമമാണ് ജനങ്ങൾ കാംക്ഷിക്കുന്നത്. അത്തരം ഒരു ഭരണസംവിധാനം ഉറപ്പുവരുത്തുന്നതിനുള്ള ഉപാധികളിൽ പ്രധാനപ്പെട്ട ഒന്നാണ് പൗരാവകാശരേഖ. ഇന്ത്യൻ ഭരണഘടനയുടെ അത്യന്തിക ലക്ഷ്യമായ ക്ഷേമരാഷ്ട്ര സങ്കല്പം യാഥാർത്ഥ്യമാക്കുന്നതിന് വിഭാവനം ചെയ്ത രീതിയിൽ തന്നെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നു എന്ന് പൗരന്മാരെ ബോധ്യപ്പെടുത്തുന്നതിനും, പ്രവർത്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെ വാർത്തെടുക്കലുമാണ് പൗരാവകാശ രേഖയിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ത്യൻ ഭരണഘടനയുടെ 73-ാം ഭരണഘടനാ ഭേദഗതിയുടെ ചുവടുപിടിച്ച് രൂപം നൽകിയ കേരള പഞ്ചായത്ത് രാജ് ആക്ടം ചട്ടങ്ങളും വികേന്ദ്രീകൃത ഭരണത്തെ സുസ്ഥിരമാക്കുന്നതോടൊപ്പം പൗരന്മാരുടെ അവകാശങ്ങൾക്ക് നിയമ സംരക്ഷണം നൽകുകയും ചെയ്യുന്നു. ജനപങ്കാളിത്ത ആസൂത്രണത്തിലും വികസനത്തിലും ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളിലും ജീവ സന്ധാരണത്തിനുള്ള മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിലും സേവനദാതാവായും ചാലകശക്തിയായും വർത്തിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

വിശ്വാസ്യതയും സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കിക്കൊണ്ട് മാത്രമേ ജനാഭിലാഷം സാക്ഷാത്കരിക്കാനാകൂ. ജനങ്ങളോടുള്ള ഉത്തരവാദിത്തം നിലനിർത്തുന്നതിനും അഴിമതി നിർമ്മാർജ്ജനം ചെയ്യുന്നതിനും, കാര്യക്ഷമത ഉറപ്പാക്കുന്നതിനും പൗരാവകാശരേഖ മുതൽക്കൂട്ടാകുമെന്ന് പ്രത്യാശിക്കുന്നു. പൗരാവകാശ രേഖയിൽ പ്രതിപാദിച്ച കാര്യങ്ങൾ പൂർണ്ണമായ അർത്ഥത്തിൽ പ്രവൃത്തിപഥത്തിലെത്തിക്കുന്നതിന് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണം സവിനയം അഭ്യർത്ഥിച്ചുകൊണ്ട് പാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പൗരാവകാശരേഖ പൊതുജനസമക്ഷം സമർപ്പിക്കുന്നു.

 

വിശ്വസ്തതയോടെ,

പ്രസീത .എൻ 

പ്രസിഡൻറ് 

പാനൂർ ബ്ലോക്ക് പഞ്ചായത്ത്